-->
ബോളിവുഡിന്റെ ഓൺ സ്ക്രീൻ ജോഡികളിൽ പ്രേക്ഷകർ ഏറെയിഷ്ടപെട്ടിരുന്നവരാണ് ആമിര്‍ ഖാനും ജൂഹി ചൗളയും. ഏകദേശം ഒരേ സമയം സിനിമയിലെത്തി ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച ഓൺ സ്ക്രീൻ കോമ്പോ.
എന്നാൽ ഒരു കാലത്ത് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കിലും പിന്നീട് ശത്രുക്കളായി ആമിര്‍ ഖാനും ജൂഹി ചൗളയും മാറി. അതുകൊണ്ട് തന്നെ ഇരുവരുടെയും പിണക്കങ്ങളും പിന്നീടുള്ള ഇണക്കവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ജൂഹി ചൗളയുമായി ഉണ്ടായിരുന്ന ഏഴ് വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ചതും, മുന്‍ ഭാര്യ റീന ദത്ത അതിന് മുന്‍കൈ എടുത്തതിനെയും കുറിച്ച് തുറന്നു പറയുകയാണ് ആമിര്‍.
"എന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നാണിത്. എനിക്ക് വിയോജിപ്പുള്ള വ്യക്തിയോട് ക്ഷമിക്കുക എന്നത് എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. ജൂഹിയും ഞാനും തമ്മില്‍ ഒരു വഴക്ക് ഉണ്ടായി, ഏഴ് വര്‍ഷത്തോളം അത് തുടരുകയും ചെയ്തു. ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ട് പോലും ഏഴ് വര്‍ഷത്തോളം ഞാന്‍ ജൂഹിയോട് സംസാരിച്ചില്ല.
ഒരു നിസാര കാര്യത്തിന് ആയിരുന്നു ഞാന്‍ അവളോട് വഴക്കിട്ടത്. അതില്‍ റീന ഇടപെട്ടു. 'നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്? അവരെ കണ്ട് ഈ വഴക്ക് അവസാനിപ്പിക്കണം' എന്ന് റീന എന്നോട് പറഞ്ഞു. ഞാന്‍ തലകുലുക്കി സമ്മതിച്ചു.
റീനയും ഞാനും ഡിവോഴ്‌സ് ആകുന്ന സമയത്ത് ജൂഹി വിളിക്കുകയും കാണണമെന്ന് പറയുകയുമായിരുന്നു. ഞാനും റീനയുമായി ജൂഹിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു.
ഞാന്‍ ഫോണ്‍ എടുക്കില്ലെന്ന് ജൂഹിക്ക് അറിയാമായിരുന്നു, എന്നിട്ടും അവള്‍ വിളിച്ചു. അത് എന്നെ സ്പര്‍ശിച്ചു. പിണക്കമൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്ന് മനസിലായി. പരസ്പരം സംസാരിച്ചില്ലെങ്കിലും കരുതല്‍ ഉണ്ടായിരുന്നു..." ആമിര്‍ ഖാന്‍ പറയുന്നു.
1997ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ആമിര്‍ ജൂഹിയുമായി പിണക്കത്തിലായത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് ആമിർ മനസ്സ് തുറന്നത്.
പോഡ്കാസ്റ്റിൽ സംസാരിച്ചപ്പോൾ താൻ സിനിമ വിടുകയാണെന്ന സൂചനയും ആമിർ നല്‍കി. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന് താരം പറഞ്ഞു.
"അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആഗ്രഹം. വേദവ്യാസ മഹർഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നു വരാം.
മഹാഭാരതമെന്നത് ഒരുപാട് അർത്ഥതലങ്ങളുള്ളതാണ്. ഇതില്‍ വികാരവും വ്യാപ്തിയുമുണ്ട്. ലോകത്ത് നിങ്ങള്‍ കാണുന്നതെല്ലാം മഹാഭാരതത്തില്‍ കണ്ടെത്താനാകും. ഈ സിനിമ ചെയ്തുകഴിഞ്ഞാല്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. ഇതിനുശേഷം തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ഈ സിനിമയുടെ വിഷയം അത്തരത്തിലുള്ളതാണ്. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മരിക്കുമെന്നാണ് പ്രതീക്ഷ..." ആമിർ ഖാൻ കൂട്ടിച്ചേർത്തു.
'സിതാരേ സമീൻ പർ' ആണ് ആമിർ ഖാൻ നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം. ജൂണ്‍ 20-നാണ് ചിത്രം എത്തുക. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 'കൂലി'യിലും താരമുണ്ട്. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന സണ്ണി ഡിയോളിന്റെ പീരിയഡ്-ഡ്രാമ 'ലാഹോർ 1947' നിർമ്മിക്കുന്നതും ആമിർ ഖാനാണ്.