-->
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ഹാപ്പി പട്ടേല്‍ ഖതര്‍നാക് ജാസൂസ് എന്ന സിനിമയുടെ പ്രെമോഷനായി ആമിര്‍ ഖാനായി എത്തിയ സുനില്‍ ഗ്രോവറിന്റെ വീഡിയോ വൈറല്‍. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോയാണ് ട്രെന്‍ഡിങ്ങാകുന്നത്. സുനില്‍ ഗ്രോവര്‍ ആമിര്‍ ഖാനായി വേഷം മാറിയതോടെ യഥാര്‍ഥ ആമിര്‍ ഖാനെ സുരക്ഷ ജീവനക്കാര്‍ പോലും തിരിച്ചറിഞ്ഞില്ല.
ആമിര്‍ ഖാന്റെ വീട്ടില്‍ ആമിറിനെ തേടിവരുന്ന നടന്‍ വിര്‍ ദാസിനെയാണ് പ്രെമോഷന്‍ വീഡിയോയില്‍ കാണുക. എന്നാല്‍ ആമിറിന് പകരം സുനില്‍ ഗ്രോവറാണ് ആമിറിന്റെ അതേ ഗെറ്റപ്പില്‍ വിര്‍ ദാസിനെ സ്വാഗതം ചെയ്യുന്നത്. ആമിറിന്റെ വളരെ ചെറിയ ഡീറ്റെയിലിങ് പോലും ഒപ്പിയെടുത്താണ് സുനില്‍ ഗ്രോവറിന്റെ അനുകരണം.
ആമിര്‍ ഖാന്റെ അംഗവിക്ഷേപവും സംസാരരീതിയും എന്തിന് തലചൊറിച്ചില്‍ പോലും അതേപടി സുനില്‍ പകര്‍ത്തിയിരുന്നു. ഇതോടെ വിര്‍ ദാസ് സുനില്‍ ഗ്രോവറിനെ ആമിര്‍ ഖാനായി തെറ്റിദ്ധരിക്കുന്നു. ഇതിനിടെ യഥാര്‍ഥ ആമിര്‍ എത്തുമ്പാള്‍ ഇതാരാണെന്ന് വിര്‍ ദാസ് ചോദിക്കുന്നു. ഞാനാണ് ഒറിജിനല്‍ എന്ന് പറയുമ്പോള്‍ വിര്‍ ദാസും നിഷേധിക്കുകയാണ്. ഒടുവില്‍ ഒറിജിനല്‍ ആമിര്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിളിക്കുന്നു. അവര്‍ പിടിച്ച് പുറത്താക്കുന്നത് ഒറിജിനല്‍ ആമിര്‍ ഖാനെയും.
പ്രൊമോഷണല്‍ വീഡിയോക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ആമിര്‍ ഒരു മാര്‍ക്കറ്റിങ് ജീനിയസാണെന്നും സുനില്‍ ഗ്രോവര്‍ രണ്ട് ആമിര്‍ ഖാനെ കഴിച്ചെന്നും ആമിര്‍ ഖാന്‍ എന്താണ് ആമിറിനെ പോലെ അഭിനയിക്കുന്നതെന്നും സുനില്‍ ഗ്രോവറിന് അനുകരണകലയില്‍ ഓസ്‌കര്‍ കൊടുക്കണമെന്നും കമന്റുകളുണ്ട്. ഹാപ്പി പട്ടേല്‍ സൂപ്പര്‍ ഹിറ്റാകുമെന്നും കമന്റുകളുണ്ട്.
ജനുവരി പതിനാറിനാണ് ഹാപ്പി പട്ടേല്‍ റിലീസ് ചെയ്യുന്നത്. വിര്‍ ദാസ്, ഇമ്രാന്‍ ഖാന്‍, മോന സിങ് ,മിതില പാല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.