Friday, March 20, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jun 2025 10.20 AM

നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം അനുവദിച്ചു

will, in

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.

തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി പി വി അൻവർ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലമ്പൂരില്‍ പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ ഒതായിയിലെ വീട്ടിലെത്തിയത്. യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോണ്‍ഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.

അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. അൻവറിനെ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അൻവർ തള്ളിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കുകയാണെങ്കിൽ അസോസിയേറ്റ് അംഗമാക്കാമെന്നായിരുന്നു യുഡിഎഫിൻ്റെ തീരുമാനം. ഈ തീരുമാനം നിരാകരിച്ചു കൊണ്ട് അൻവർ നടത്തിയ വാർത്താ സമ്മേളനത്തിൽ യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പ്രവേശനത്തിന് തടസ്സം നിന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന വിമർശനവും അൻവർ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണം കൈയ്യിലില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു. പിന്നീട് മത്സരിക്കാൻ പണം നൽകാമെന്ന വാഗ്ദാനവുമായി സാധാരണക്കാരായ നിരവധിപ്പേർ രംഗത്ത് വരുന്നുണ്ടെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW