Friday, March 20, 2026 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 07.06 PM

കേരളം : പാഴിലായ പത്തു വർഷങ്ങൾ : രാജീവ് ചന്ദ്രശേഖർ

uploads/news/2025/05/783993/Rajeev-chandrasekhar-2.jpg

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ തന്നെ തങ്ങൾക്ക് മുന്നിൽ വരുന്നതെല്ലാം വല്ലാത്തൊരു വൈരാഗ്യത്തോടെ തച്ചുതകർക്കുന്ന കാഴ്ചക്കാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍.

സർവ്വത്ര അഴിമതിയുടെ കേരള മോഡൽ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. സ്വർണ്ണക്കടത്ത് മുതൽ മാസപ്പടി വരെ മുഖ്യമന്ത്രിയുടെ ഓഫീസും മകളും പോലും ഉൾപ്പെട്ട ആരോപണങ്ങളും അഴിമതിക്കഥകളും അന്തമില്ലാതെ തുടരുന്ന അവസ്‌ഥ. സി പി എം നേതൃത്വം നൽകുന്ന ഇടത് സർക്കാരിന്റെ തുടർച്ചയായ അഴിമതികൾ മൂലം കേരളം തകർന്ന ഒരു പതിറ്റാണ്ടാണ് നമുക്ക് മുന്നിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഇടത് സർക്കാരിന്റെ കൊടിയ അഴിമതിയുടെ മറ്റൊരുദാഹരണമാണ് ലൈഫ് മിഷൻ പദ്ധതി. ഇടുക്കിയിലെ കരിമണ്ണൂരിലടക്കം ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി കേരള സർക്കാർ നിർമ്മിച്ചു നൽകിയ ഫ്ലാറ്റുകൾ പലേടത്തും ഇടിഞ്ഞു വീഴാറായിരിക്കുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണിത ഫ്ലാറ്റുകളിൽ മിക്കതും മാസങ്ങൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞു. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് ഇതിനൊപ്പം തകർന്നടിഞ്ഞത്.

പാവപ്പെട്ടവ‍ർക്ക് വീടെന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയെ അട്ടിമറിക്കാൻ ഒരു വശത്ത് സംസ്‌ഥാന സർക്കാർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കവേ തന്നെ മറുവശത്ത് പൊതു ഫണ്ട് വകമാറ്റാനും ദുരുപയോഗം ചെയ്യാനുമുള്ള ഒരു മാർഗമായിട്ടാണ് അതിനെ അവർ കാണുന്നത്. തുടക്കം മുതൽ അവസാനം വരെ അഴിമതിയിൽ മുങ്ങിക്കുളിച്ചൊരു പദ്ധതിയുടെ മികച്ച ഉദാഹരണമായി കരിമണ്ണൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളും നിലകൊള്ളുന്നു. ഇത് സർക്കാർതല അഴിമതിയുടെ വേറൊരുദാഹരണം അഥവാ ഇതാണ് അഴിമതിയുടെ മറ്റൊരു കേരള മോഡൽ.

നിക്ഷേപക സൗഹൃദമെന്ന വായ്ത്താരിയുമായി ഒൻപതു വർഷമായി കേരളം ഭരിക്കുന്ന സർക്കാരിന്റെ നിക്ഷേപക വിരുദ്ധ സമീപനങ്ങളിൽ മനം മടുത്തും അതിനിരയാക്കപ്പെട്ടും ഇവിടം വിട്ടുപോയ എത്രയെത്ര വ്യവസായ സംരംഭകരാണ് നമ്മുടെ അറിവിലുള്ളത്. ഇടുക്കി മുണ്ടക്കയം സ്വദേശി ജോബി ജോസഫ് എന്ന സംരംഭകനാണ് ഈ ഗണത്തിലെ ഒടുവിലത്തെ കണ്ണിയായത്. പോലീസിന്റെയും മറ്റേതാനും ഉദ്യോഗസ്ഥരുടെയും നിരന്തര പീഡനത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് മഹാരാഷ്ട്രയിലേക്ക് നാടു വിടേണ്ടി വന്ന ജോബി ജോസഫ് നിക്ഷേപകർക്കായി വലവീശുന്ന സർക്കാരിനെതിരെ ഒരു ചോദ്യചിഹ്നമായി ഉയർന്നു നിൽക്കുന്നു. സംസ്‌ഥാനം നിക്ഷേപക സൗഹൃദമെന്നവകാശവാദമുന്നയിക്കുന്നവ‍ർ തന്നെ നിക്ഷേപകരെ ഇവിടെ നിന്നും ആട്ടിപ്പായിക്കാൻ കൂട്ടു നില്ക്കുന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ജോബി ജോസഫിന്റെ ജീവിതം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയെന്നതുപോലെ അട്ടപ്പാടിയിലെ മധുവിൽത്തുടങ്ങി ദളിതർക്കെതിരെയും അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതും ഒൻപത് വർഷങ്ങളിലെ ഇടത് ഭരണ നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്തതാവുന്നതാണ്.

സംസ്ഥാനത്തിന്റെ ഋണബാധ്യത അഥവാ പൊതു കടം ഇപ്പോൾ 4.81 ലക്ഷം കോടിയായി കുതിച്ചുയർന്നിരിക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മയും വിലക്കയറ്റവും ദേശീയ ശരാശരിയുടെ ഇരട്ടിയായി. കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ തേടി മറ്റെവിടേക്കെങ്കിലും പലായനം ചെയ്യേണ്ട അവസ്ഥ.

ഇടത് സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലുമായി ബന്ധപ്പെട്ട ഏതാനും യാഥാർത്ഥ്യങ്ങൾ മാത്രമാണിവ. സംസ്‌ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വികസനമെന്നാൽ കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി അവതരിപ്പിക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.

ഇതിനൊരവസാനമുണ്ടായേ തീരൂ. കേരളത്തിന് വേണ്ടത് സമഗ്രമായ മാറ്റമാണ്. അഴിമതിക്കഥകളുടെ സിപിഎം മോഡലും നിഷ്ക്രിയതയുടെ കോൺഗ്രസ് മാതൃകകളും ഒരുമിച്ചവസാനിപ്പിച്ച്, സംസ്ഥാനത്തിന്റെ സമ​ഗ്ര പുരോ​ഗതിക്ക്, വികസിത കേരളത്തിനായി ഒരു പുതിയ മാതൃക ഇവിടെ യാഥാർത്ഥ്യമാകേണ്ടിയിരിക്കുന്നു. അതിനായി ഒരുമിക്കാം, ഒന്നായി പ്രവർത്തിക്കാം, നമുക്കെന്ന് രാജീവ് ചന്ദ്രശേഖര്‍ ആഹ്വാനം ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW