-->
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ആവേശം കൂട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം പത്രികസമര്‍പ്പിക്കാന്‍ എത്തിയത്. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ തഹസീല്‍ദാര്‍ എംപി സിന്ധുവിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നു തന്നെ എം സ്വരാജും പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എ.പി. അനില്‍കുമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ആര്യാടന്‍ ഷൗക്കത്തിനൊപ്പം പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.
മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഇനി പ്രചരണത്തിന്റെ ചൂടിലേക്ക് കടക്കുകയാണ്. ഇനി 18 ദിവസങ്ങള്‍ മാത്രമാണ് പ്രചരണത്തിനായുള്ളത്. യുഡിഎഫിന്റെ യുവനേതാക്കളുടെ നേതൃത്വത്തില്‍ റോഡ്‌ഷോ ആയിട്ടായിരുന്നു താലൂക്ക് ഓഫീസിലേക്ക് എത്തിയത്. ഇത്തവണ നിലമ്പൂരില്‍ മത്സരിക്കുന്നത് രണ്ടു നാട്ടുകാര്‍ തമ്മിലാണ്. നിലമ്പൂര്‍ ഇതുവരെ കാണാത്ത ആവേശമാണ് കാണുന്നതെന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്യാടന്‍ നേരത്തേ പ്രതികരിച്ചു. വലിയ ആവേശത്തോടെ യുഡിഎഫ് പ്രവര്‍ത്തര്‍ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ സ്വീകരിച്ചത്.
ഇന്ന് മണ്ഡലത്തില്‍ എത്തിയ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിന് ഇടതുപക്ഷ പ്രവര്‍ത്തകരും വലിയ സ്വീകരണമാണ് നല്‍കിയത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ഡലത്തില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. വലിയ ആത്മവിശ്വാസത്തോടെയാണ് ഇരു മുന്നണികളും നില്‍ക്കുന്നത്. രണ്ടു ഭാഗത്തെയും പ്രവര്‍ത്തകര്‍ പ്രകടനത്തിനിടയില്‍ പരസ്പരം സംഘര്‍ഷത്തിലേക്കും ഏര്‍പ്പെട്ടിരുന്നു. നേരത്തേ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു പ്രചരണത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. ഇടതുപക്ഷം ഇന്നലെയായിരുന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.