-->
നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്യംസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ രജനികാന്ത്. എന്റെ അടുത്ത സുഹൃത്ത് ആയ രാജേഷിന്റെ വിയോഗം ഞെട്ടിച്ചു, വലിയ ഹൃദയവേദന ഉണ്ടാക്കി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഗാധമായ അനുശോചനം എന്നാണ് രജനികാന്ത് എക്സില്‍ കുറിച്ചത്.
നടി രാധിക ശരത്കുമാറും രാജേഷ് വില്യംസിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയിട്ടുണ്ട്. 'രാജേഷിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശാലമായ അറിവിനോട് ബഹുമാനമുണ്ട്. സിനിമാ ലോകത്തിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നഷ്ടം'' എന്നാണ് രാധിക ശരത്കുമാറിന്റെ പോസ്റ്റ്.
1974-ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവര്‍, നേരുക്ക് നേര്‍, ദീന, സിറ്റിസെന്‍, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധര്‍മപുരി, തിരുപ്പതി, സര്‍ക്കാര്‍, മാസ്റ്റര്‍, യാതും ഊരേ യാവരും കേളിര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍. മലയാളത്തില്‍ അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇണ്‍ടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍.
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. ശ്രീറാം റാഘവന്‍ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാന ചിത്രം. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു.