-->
കോട്ടയം: മഴ മാറി നിന്ന ആകാശത്തിനു താഴെ അരങ്ങ് കലോത്സവത്തിന്റെ രണ്ടാം ദിനവും വേദിയിൽ ചടുലതയുടെ താളം നിറച്ച് കുടുംബശ്രീയുടെ കലാകാരികൾ. നൃത്ത ഇനങ്ങളിലും നാടകത്തിലും സ്റ്റേജ് ഇതര ഇനങ്ങളിലും മികവ് തെളിയിച്ചു കൊണ്ടായിരുന്നു ഓരോ മത്സരാർത്ഥിയുടെയും പ്രകടനം. ഇഞ്ചോടിഞ്ച്പോരാട്ടം കാഴ്ച വയ്ക്കുന്നതിൽ ഓരോ കലാകാരിയും മത്സരിക്കുന്നതിന്റെ ആവേശം കാണികളിലേക്കും പകർന്നു കൊണ്ടായിരുന്നു ഓരോ മത്സര ഇനവും അവസാനിച്ചത്.
പ്രധാന വേദിയിൽ അരങ്ങേറിയ നാടക മത്സരമായിരുന്നു ഇന്നലത്തെ പ്രധാന ആകർഷണം. പ്രൊഫഷണൽ നാടക രംഗത്തെ അഭിനേതാക്കൾക്കൊപ്പം നിൽക്കുന്നതായിരുന്നു മിക്ക ടീമുകളുടെയും പ്രകടനം. ഇതോടൊപ്പം വേദി രണ്ടിൽ ഭരതനാട്യം, വേദി മൂന്നിൽ കുച്ചിപ്പുഡി, സംഘനൃത്തം. വേദി നാലിൽ ഒപ്പന, മാർഗംകളി, നാടമ്പാട്ട്, അറബിക് പദ്യപാരായണം, കന്നഡ പദ്യപാരായണം, പ്രസംഗം(മലയാളം) എന്നീ ഇനങ്ങളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ മത്സരവും നടന്നു.
കവിതാ പാരായണം(ഹിന്ദി, സീനിയർ), കവിതാ പാരായണം(ഹിന്ദി, ജൂനിയർ), ഒപ്പന (ജൂനിയർ), കഥാരചന(ഹിന്ദി, ജൂനിയർ), കഥാരചന(അറബിക്, ജൂനിയർ), കഥാരചന(കന്നഡ, സീനിയർ), കവിതാ രചന(ഹിന്ദി സീനിയർ) എന്നീ ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു , സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം; രണ്ടാം ദിനവും കുതിപ്പ് തുടർന്ന് കണ്ണൂർ
കോട്ടയം: കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ 111 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. സ്റ്റേജ് ഇനങ്ങളിലും സ്റ്റേജ് ഇതര ഇനങ്ങളിലും മികവ് തെളിയിച്ചു കൊണ്ടാണ് അക്ഷര നഗരയിൽ കണ്ണൂരിന്റെ മുന്നേറ്റം. ഒപ്പം 102 പോയിന്റുമായി മുൻവർഷത്തെ ജേതാക്കളായ കാസർകോടും തൊട്ടുപിന്നിലുണ്ട്. 47 പോയിന്റുമായി തൃശൂർ ജില്ലയാണ് മൂന്നാമത്.