-->
തിരുവനന്തപുരം: തനിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടയില്‍ ഒരു ഭിന്നതയുമില്ലെന്നും തങ്ങളുടെ സ്വരം ഒന്നു തന്നെയാണെന്നും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനം എടുക്കുന്നതെന്നും രമേശ് ചെന്നിത്തല. ജനവിരുദ്ധരായ ഇടതുസര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരേയും യോജിപ്പിച്ച് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് പോകുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചത് ഏകകണ്‌ഠേനെയാണെന്നും പറഞ്ഞു. ജനവിരുദ്ധ സര്‍ക്കാരിശനതിരേയുള്ള വിലയിരുത്തലായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മാറും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വീഴ്ച പരിശോധിച്ച് ഏകകണ്ഠമായിട്ടാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങും. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പരാജയപ്പെടുത്താന്‍ ആരേയും കൂടെ കൂട്ടും. ഇടതു സര്‍ക്കാരില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും. മുന്നണിയിലേക്ക് ഒരു ഘടകകക്ഷിയെ തെരഞ്ഞെടുപ്പുമ്പോള്‍ ചില നപടിക്രമങ്ങളുണ്ട്. അതാണ് കാര്യങ്ങള്‍ താമസിച്ചത്. അസോസിയേറ്റ് ഘടകകക്ഷിയാക്കാമെന്ന തീരുമാനം നേരത്തേയെടുത്തതാണ്. യുഡിഎഫ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വി.ഡി. സതീശനെ നേരത്തേ ചുമതലപ്പെടുത്തിയതാണെന്നും പറഞ്ഞു.
യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുമായി ചര്‍ച്ചയൊക്കെ നടത്തി വേണം തീരുമാനം എടുക്കേണ്ടത്. അതിനായുള്ള കാലതാമസമാണ് ഉണ്ടായത്. ഇതിന് ഹൈക്കമാന്റിന്റെ അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ വി.ഡി. സതീശന്റെ വ്യക്തിപരമായ ഒരു തീരുമാനവും ഇല്ലെന്നും പറഞ്ഞു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുപോകാനാണ് ഞങ്ങളുടെയെല്ലാം ആഗ്രഹമെന്നും പറഞ്ഞു.
കേരളജനതയെ രക്ഷിക്കാനും ഇടതുപക്ഷ സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള ജനങ്ങളുടെ ആഗ്രഹത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. കെ.സി. വേണുഗോപാലുമായി പി.വി. അന്‍വര്‍ സംസാരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ രണ്ടും മൂന്നും പേര്‍ സ്ഥാനാര്‍ത്ഥികളായി വരുന്നത് കോണ്‍ഗ്രസില്‍ സ്വാഭാവികമാണ്. അത് പിന്നീട് എല്ലാവരും കൂടിയാലോചിച്ച് ഒരാളെ തെരഞ്ഞെടുക്കുകയാണ് പതിവെന്നും പറഞ്ഞു.