-->
കമൽ ഹാസനും സംവിധായകൻ മണി രത്‌നവും 38 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തമിഴ് സിനിമ പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, ജൂൺ 5ന് തീയറ്ററുകളിലെത്തും. ഗ്യാങ്സ്റ്റർ ത്രില്ലെർ ജോണറിൽ എത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, തഗ് ലൈഫിനായി എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ടീം പുറത്തു വിട്ടുകഴിഞ്ഞു. അതിൽ സോഷ്യൽ മീഡിയയിൽ ആദ്യം വൈറൽ ആയത് തൃഷ പ്രത്യക്ഷപ്പെടുന്ന 'ഷുഗർ ബേബി' എന്ന പാട്ടാണ്.
എന്നാൽ, തഗ് ലൈഫിലെ മറ്റു പാട്ടുകൾ പോലെ പ്രേക്ഷകപ്രീതി നേടാൻ ഷുഗർ ബേബിക്ക് കഴിഞ്ഞിട്ടില്ല. പാട്ടിന്റെ വരികളും, ഗാനരംഗത്തിലെ നായിക തൃഷയുടെ എനർജി ഇല്ലാത്ത പ്രകടനവുമാണ് സോഷ്യൽ മീഡിയ പ്രേക്ഷകരെ ഏറ്റവും നിരാശപ്പെടുത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ഷുഗർ ബേബിയുടെ റിഹേഴ്സൽ വിഡിയോയിലും തെളിഞ്ഞു കാണുന്നത് നടിയുടെ തണുപ്പൻ സമീപനമാണെന്നാണ് റെഡിറ്റ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തി ശിവ ആനന്ദ് വരികളെഴുതിയ തഗ് ലൈഫിലെ ഷുഗർ ബേബി എന്ന പാട്ട്, സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോള് ചെയ്യപ്പെടുന്നുണ്ട്. പാട്ടിലെ വരികളും പഴയ തമിഴ് ചിത്രങ്ങളിലെ കോമഡി രംഗങ്ങളും ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന മീം വിഡിയോകൾ വലിയ രീതിയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, പൊന്നിയിൻ സെൽവൻ ചിത്രങ്ങളിലെ നല്ല പ്രകടനത്തിന് ശേഷം മണി രത്നം ചിത്രത്തിൽ തൃഷയെ കാണാൻ കാത്തിരുന്നവർക്ക് നിരാശയായി ഷുഗർ ബേബി.
അടുത്തിടെ പുറത്തിറങ്ങിയ ഷുഗർ ബേബി ലിറിക്കൽ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന തൃഷയുടെ ലിപ്-സിങ്ക് പ്രശ്നങ്ങളും, തണുപ്പൻ നൃത്തരംഗങ്ങളും, തമിഴ് പ്രേക്ഷകരെ ആകെ നിരാശപ്പെടുത്തി. നടിയുടെ കഥാപാത്രം ആവശ്യപ്പെടുന്നത് അത്തരത്തിൽ ഒരു പ്രകടനമാണെന്ന് ആരാധകർ വാദിച്ചുവെങ്കിലും, അടുത്തിടെ പുറത്തിറങ്ങിയ ഷുഗർ ബേബി റിഹേഴ്സൽ വിഡിയോയിൽ തൃഷയുടെ തണുപ്പൻ സമീപനം വ്യക്തമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. നൃത്ത സംവിധായിക വളരെ മനോഹരമായി ചെയ്യുന്ന സ്റ്റെപ്പുകൾ, ഒട്ടും എനർജി ഇല്ലാതെ അവതരിപ്പിക്കുന്ന തൃഷയെയാണ് വിഡിയോയിൽ കാണുന്നതെന്നും നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി തൃഷയുടെ പെട്ടെന്നുള്ള മാറ്റങ്ങൾ ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. തന്റെ പ്രിയപ്പെട്ട വളർത്തു നായ സോറോയുടെ വിയോഗം തളർത്തിയ നടി, കഴിഞ്ഞ ഡിസംബറിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. പിന്നീട് തൃഷ മടങ്ങിയെത്തിയത് പതിവിലും മെലിഞ്ഞ രൂപവുമായാണ്. താരം ഓസിമ്പിക് ഉപയോഗിച്ച് വണ്ണം കുറച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും, വ്യക്തി ജീവിതത്തിലെ മാനസിക സംഘർഷങ്ങളാവാം തൃഷയുടെ മാറ്റത്തിന് പിന്നിലെന്ന് ആരാധകർ വാദിച്ചു. എന്നാൽ ഈ കമന്റുകളോടൊന്നും നടി പ്രതികരിച്ചില്ല.
തൃഷയുടേതായി അവസാനം പുറത്തിറങ്ങിയത് ഗുഡ് ബാഡ് അഗ്ലി എന്ന അജിത് കുമാർ ചിത്രത്തമാണ്. തമിഴ് പ്രേക്ഷകർ തങ്ങളുടെ ഇഷ്ട ജോഡിയെ ഇരുകൈയ്യും നീട്ടി വരവേറ്റുവെങ്കിലും, ചിത്രത്തിൽ നായികയായി എത്തിയ താരത്തിന്റെ പ്രകടനം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഏതാണ്ട് 20 വർഷങ്ങളായി മുൻനിര നായികയായി തുടരുന്ന തൃഷ തന്റെ ഡയലോഗ് ഡെലിവെറിയിൽ പോലും പോലും കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് വരെ വിമർശകർ ആരോപിച്ചു. എന്നാൽ തഗ് ലൈഫിലെ തന്റെ റോളിലൂടെ നടി വിമർശകരുടെ വായടപ്പിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.