Wednesday, March 11, 2026 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 06.00 PM

‘‘പോയി ഡിക്കിയില്‍ കയറടാ എന്ന് ബെന്‍സ് പറയുന്നുണ്ട്; അറംപറ്റുന്ന ഒരു പ്രാക്കുമുണ്ട് സിനിമയില്‍; ചില വാക്കുകള്‍ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണത്...’’ തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ തുടരും സിനിമയെക്കുറിച്ചുള്ള ചില സംശയങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്. ഇപ്പോഴിതാ അതിനുള്ള ഉത്തരം പറയുകയാണ് തരുണ്‍. ​
Tharun moorthy, mohanlal, thudarum movie
Tharun moorthy about crucial scenes in thudarum (Image Source: Youtube)

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ ‘തുടരും’ തിയേറ്ററില്‍ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകഴിഞ്ഞു. സിനിമയിലെ ആക്ഷന്‍ രംഗങ്ങളും ഗാനങ്ങളും സംഭാഷണങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയാണ്. മറ്റ് സിനിമകള്‍ വന്നു പോകുന്നുണ്ടെങ്കിലും അതൊന്നും ഈ സിനിമയെ ബാധിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ ഒരു സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
പല​പ്പോഴും ഒരു സിനിമ ഹിറ്റായിക്കഴിയുമ്പോള്‍ സിനിമയ്ക്ക് പിന്നിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച്‌ അണിയറപ്രവർത്തകർ എത്താറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. അതു പലപ്പോഴും എന്താണെന്നും എങ്ങനെയാണെന്നും അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ പിന്നീടുള്ള അഭിമുഖങ്ങളില്‍ പറയാറുമുണ്ട്.
ഇപ്പോഴിതാ ചില കഥാപാത്രങ്ങളുടെ നിര്‍ദോഷമെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങള്‍ എങ്ങനെ ചിത്രത്തെ മുന്നോട്ടുനയിക്കുന്നു എന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. മണിയനെ അന്വേഷിച്ച് വീട്ടിലെത്തുമ്പോള്‍, ആ കഥാപാത്രത്തിന്റെ അമ്മയുടെ പ്രാക്കിനെക്കുറിച്ചും, പവിയുടെ കൂട്ടുകാര്‍ വരുമ്പോള്‍, പവിയോട് പറയുന്ന ഡയലോഗിനെക്കുറിച്ചും പിന്നീട് ഇത് രണ്ടും യാഥാര്‍ഥ്യമായി വരുന്നതിനെക്കുറിച്ചുമാണ് തരുണ്‍ പറയുന്നത്.
‘‘ബെന്‍സ് മണിയനെ അന്വേഷിച്ച് വീട്ടില്‍ പോകുന്നുണ്ട്. ആ സീന്‍ കണ്ട് നമ്മളെല്ലാവരും ചിരിച്ചു. ആ സീനില്‍ എല്ലാം കഴിഞ്ഞ് മണിയന്റെ അമ്മയുടെ അടുത്തുവന്ന് ബെന്‍സ് ചോദിക്കും, ‘മണിയന്റമ്മേ എന്റെ വണ്ടി’ എന്ന്. ‘ഫ്ഭാ, ഇറങ്ങിപ്പോടാ നാറീ...’ എന്നു പറഞ്ഞ്‌ വന്നവര്‍ ഇറങ്ങിപ്പോവുന്നതിനിടയ്ക്ക് അവര്‍, ‘നീയുംനിന്റെ വണ്ടിയും നശിച്ച് നാറാണക്കല്ലെടുക്കുമെടാ’ എന്നൊരു പ്രാക്കുണ്ട്. ആ പ്രാക്കില്‍ ഈ സിനിമ ഒന്ന് ആലോചിച്ചു നോക്കിയേ?
അതുപോലെ പവിയുടെ സുഹൃത്തിന്റെ വേഷം ചെയ്യുന്ന സംഗീതും മറ്റുള്ളവരും വീട്ടില്‍ വരുന്ന സീനുണ്ടല്ലോ. ബസ് സ്റ്റാന്റിന്റെ അവിടെ എല്ലാവരോടും കാറില്‍ കയറാന്‍ പറയുന്നു. മകന്‍ മലങ്കള്‍ട്ട് എന്ന് പറഞ്ഞവണ്ടി ഇവരെല്ലാരും വിന്റേജ് കാറായി കൊണ്ടുനടക്കുകയാണ്. അപ്പോള്‍ ലാലേട്ടന്‍ ‘മലങ്കള്‍ട്ട് വണ്ടിയല്ലേ, പോയി ഡിക്കിയില്‍ കയറടാ...’ എന്ന് പറയുന്നുണ്ട്. ചില വാക്കുകള്‍ ചില ജീവിതങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണിത്.
കുറച്ചു കഞ്ഞിയെടുക്കട്ടേ എന്ന് ചോദിക്കുന്ന സീനില്‍ നമ്മളെല്ലാം ചിരിച്ചതാണ്. ആ സീനില്‍ ലാലേട്ടന്‍, 'എന്റെ നെഞ്ചിലൊരു ഘനം, ഞാനൊന്ന് പോലീസ് സ്‌റ്റേഷന്‍ വരെ പോയി നോക്കട്ടെ...’ എന്ന് പറയുന്നുണ്ട്. എന്തായിരിക്കും നെഞ്ചിലുള്ള ഘനം? ആ സമയത്തായിരിക്കണം അവിടെ ഇതൊക്കെ സംഭവിച്ചുകൊണ്ടിരുന്നത്. ചില ഉള്‍വിളികളാണ്, അന്ന് അയാള്‍ പോയില്ലായിരുന്നെങ്കില്‍ അയാള്‍ക്ക് ഇതൊന്നും ചെയ്യേണ്ടി വരില്ലായിരിക്കും. അങ്ങനെയും കൂടെയൊരു റീഡിങ് ഉണ്ടായിരുന്നു അതിന്...’’ തരുണ്‍ മൂര്‍ത്തി പറയുന്നു.

ഈ ചിത്രത്തിലെ ഒരു നിർണായകമായ രംഗത്തില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് മോഹൻലാലിന്റെ കഥാപാത്രത്തിന് തന്റെ മകന്റെ പേഴ്സ് ലഭിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ഏതൊരാളിന്റെയും മനസ്സില്‍ ഇതിനെക്കുറിച്ചുള്ള സംശയങ്ങളും വരാന്‍ സാധ്യതയുണ്ട്.
ഇ​പ്പോഴിതാ അത് എങ്ങനെ അവിടെ വന്നുവെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ലോജിക്കലി അത് എങ്ങനെ എത്തി എന്ന് കാണിക്കുന്ന പോയിന്റുകള്‍ സിനിമയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തരുണ്‍ പറഞ്ഞു.
‘‘കാറിന്റെ ഡിക്കിയില്‍ എങ്ങനെ പേഴ്സ് വന്നു എന്നതിന് ഉത്തരം സിനിമയില്‍ തന്നെയുണ്ട്. ബെന്നി എന്ന പോലീസുക്കാരൻ ബെൻസിനെയും സുധീഷിനെയും എല്ലാവരെയും അന്വേഷിച്ച്‌ നടക്കുന്ന സീനില്‍ കുട്ടിച്ചന്റെ വർക്ക് ഷോപ്പില്‍ ചെല്ലുന്നുണ്ട്. അവിടെ ടി വി യില്‍ ന്യൂസ് ബുള്ളറ്റ് പോകുന്നുണ്ട്. ആ വാർത്തയില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കില്‍ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പോലീസ് അന്വേഷണം തുടങ്ങി എന്ന് പറയുന്നുണ്ട്. അപ്പോള്‍ അതിനർത്ഥം ചാക്കില്‍ ബോഡിയ്ക്കൊപ്പം അവർ യൂണിഫോമും ഒളിപ്പിച്ചിട്ടുണ്ട്.
അവസാനം ബോഡി വലിച്ച്‌ കൊണ്ടുപോകുന്ന ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഞാൻ ഇതേ ചാക്കിനകത്ത് യൂണിഫോം ഇട്ടു എന്ന് പറയുന്ന തരത്തില്‍ ഒരു സ്പൂണ്‍ ഫീഡിങ് വേണ്ട എന്ന് തോന്നി. സിനിമയില്‍ പല സ്ഥലങ്ങളിലും അത് ഇട്ട് ഇട്ട് കൊടുത്തിട്ടുണ്ട്. പിന്നെ പേഴ്സ് പുറത്ത് വന്നത് എങ്ങനെ, ബോഡി കൊണ്ട് പോകുമ്പോള്‍ ചാക്ക് കീറിയിട്ടുണ്ട് അതില്‍ നിന്നാണ് കാലു പുറത്തേക്ക് വന്നത്. അപ്പോള്‍ അതിന് അകത്ത് ഒരു ഓട്ട ഉണ്ട് എന്ന് വളരെ വ്യക്തമാണ്...’’ തരുണ്‍ പറഞ്ഞു. കാർത്തിക് സൂര്യയുമായി നടത്തിയ അഭിമുഖത്തിലാണ് തരുണ്‍ ഇത് പറഞ്ഞത്.

മോഹന്‍ലാല്‍-ശോഭന കോമ്പോയെ കൂടാതെ, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയാണ് നിര്‍മ്മാണം.

Ads by Google
Tuesday 27 May 2025 06.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW