-->
വിചിത്രവും കൗതുകമുണര്‍ത്തുന്നതും മാത്രമല്ല. പലപ്പോഴും ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന അനേകായിരം വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയവഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സിചുവാന്‍ പ്രവിശ്യയിലെ ഒരു സംഘം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ്പ് ഫോട്ടോയാണ് നെറ്റീസണ്‍സിനിടയില്‍ തരംഗമായിരിക്കുന്നത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായിട്ടാണ് ഈ ഫോട്ടോയെ സൈബര്‍ ലോകം വാഴ്ത്തുന്നത്.
ജൂനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ പതിവുരീതിയിലുള്ള ആഘോഷം ഒഴിവാക്കി 50ലധികം വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളില്‍ നിന്ന് രണ്ട് കിലോമീറ്ററിലധികം നടന്ന് യിലോങ് പീപ്പിള്‍സ് ഹോസ്പിറ്റലില്‍ എത്തിയാണ് ഈ ഫോട്ടോ എടുത്തത്. സഹപാഠിയായ റെന്‍ ജുന്‍ജി(15) യേയോടൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ചിത്രമെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം റെന്‍ ജുന്‍ജി ഈ ലോകത്ത് നിന്ന് യാത്രയായി. നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ എന്ന രോഗം ബാധിച്ച് റെന്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വന്നതിനാല്‍ റെനിന് സ്‌കൂള്‍ വിടേണ്ടിവന്നു. അടുത്ത കാലത്താണ് റെന്‍ ജന്മനാട്ടിലെ ആശുപത്രിയില്‍ തിരിച്ചെത്തിയത്.
സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഈ ചിത്രമെടുത്തത്. അധ്യാപകന്‍ ഈ ആശയം മുന്നോട്ട് വച്ചപ്പോള്‍ തന്നെ കുട്ടികള്‍ സമ്മതിച്ചു. സഹപാഠികളായ വിദ്യാര്‍ഥികളില്‍ ചിലരാണ് റെന്റെ വാര്‍ഡില്‍ പ്രവേശിച്ച് റെനിനെ സ്‌കൂള്‍ യൂണിഫോം ധരിക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ കട്ടില്‍ പുറത്തേക്ക് കൊണ്ടുവന്നു, അങ്ങനെ റെനും ഫോട്ടോയുടെ ഭാഗമായി.
അവര്‍ റെനിന്റെ ചുറ്റും നിന്ന് പോസ് ചെയ്തു, സൗഹൃദത്തിന്റെയും പിന്തുണയുടെയും നിമിഷങ്ങള്‍ അവര്‍ പകര്‍ത്തി. ഫോട്ടോയ്ക്ക് പുറമെ, വിദ്യാര്‍ഥികള്‍ റെന്നിന് സമ്മാനങ്ങളും, കൈകൊണ്ട് എഴുതിയ കത്തുകളും, എല്ലാ സഹപാഠികളും ഒപ്പിട്ട ഒരു ബാസ്‌കറ്റ്‌ബോളും നല്‍കി. ബാസ്‌കറ്റ്‌ബോളില്‍ റെന്റെ പേര് എഴുതിയിരുന്നു. ഫോട്ടോ എടുത്തതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, അടുത്ത ദിവസം പുലര്‍ച്ചെ 4 മണിക്ക് റെന്‍ ഈ ലോകത്തോട് വിടവാങ്ങിയതിന്റെ ദുഖത്തിലാണ് ഇപ്പോള്‍ സൈബര്‍ ലോകം.