-->
ദിലീപ് നായകനായ ' പ്രിന്‍സ് ആന്‍ഡ് ഫാമിലി' യെന്ന സിനിമ കണ്ടതില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞത് ദിലീപിനെ ന്യായീകരിച്ചതായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എംഎ ബേബി വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എംഎ ബേബിയുടെ പ്രതികരണം.
എംഎ ബേബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്. സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.ഇക്കാര്യത്തിന് ഇതില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്.