Friday, March 13, 2026 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 01.45 PM

‘‘ഞാൻ കമല്‍ സാറിന്റെ കഴുത്തില്‍ പതുക്കെ പിടിച്ചത് ശരിയാകാതിരുന്നതിനാല്‍ മണി സാർ കട്ട് വിളിച്ചു; കുഴപ്പമില്ല, നീ ചെയ്തോ എന്ന് കമല്‍ സാര്‍ പറഞ്ഞു...’’ ചിമ്പു

uploads/news/2025/05/783088/Untitled-2.jpg
Chimbu about fighting scene with kamal hassan (Image Source: X)

ഉലകനായകന്‍ കമല്‍ഹസ്സന്റെ സിനിമകള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിക്രത്തിനു ശേഷമെത്തുന്ന കമല്‍ ചിത്രത്തിനു വേണ്ടി തിയേറ്ററുകളും പ്രേക്ഷകരും കാത്തിരിക്കുകയാണ്. കമലിന്റെ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിന്റെ ട്രെയ്‌ലർ അടുത്തിടെയാണ് പുറത്തുവന്നത്. ട്രെയ്‌ലറിനെതിരെ വിമർശനങ്ങളുയർന്നുവെങ്കിലും ചിത്രത്തിലെ കമല്‍ ഹാസൻ - ചിമ്പു കോ​മ്പോ ആരാധകർ ഏറ്റെടുത്തു.
ഇവര്‍ ഒരുമിച്ചുള്ള രംഗങ്ങളും സംഭാഷണങ്ങളും പോലെ തന്നെ ചിമ്പുവും കമല്‍ ഹാസനും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ട്രെയ്‍ലറില്‍ കാണാമായിരുന്നു. ട്രെയ്‌ലറിന്റെ അവസാനം കമല്‍ ഹാസനും ചിമ്പുവും പരസ്പരം കഴുത്തിന് പിടിക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. ഒപ്പം ‘ഇത് എനിക്കും അവനും ഇടയില്‍ നടക്കുന്ന കഥ, നീയോ ഞാനോ? എന്നുള്ള കമല്‍ ഹാസന്റെ ‍ഡയലോഗും ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ഈ രംഗം ഷൂട്ട് ചെയ്തതിനെക്കുറിച്ച്‌ ഓഡിയോ ലോഞ്ചില്‍ ചിമ്പു പറഞ്ഞ വാക്കുകളാണിപ്പോള്‍ വൈറലായി മാറുന്നത്. ഞാൻ കമല്‍ സാറിന്റെ കഴുത്തില്‍ പതുക്കെ പിടിച്ചു. ഞാൻ പിടിച്ചത് ശരിയാകാതിരുന്നതിനാല്‍ മണിരത്നം സാർ കട്ട് വിളിച്ചെന്നും ചിമ്പു പറയുന്നു.
‘‘കമല്‍ സാറും ഞാനും അങ്ങോട്ടുമിങ്ങോട്ടും കഴുത്തില്‍ പിടിച്ച്‌ ഞെരിക്കുന്ന ഒരു സീൻ നിങ്ങള്‍ ട്രെയ്‌ലറില്‍ കണ്ടു കാണുമല്ലോ. അല്ലെങ്കില്‍ തന്നെ കമല്‍ സാറിനൊപ്പം ഒരു ചെറിയ ഷോട്ട് എടുക്കുമ്പോള്‍ പോലും ടെൻഷൻ ആണ്. അപ്പോഴാണ് മണി സാർ ഇങ്ങനെയൊരു ഷോട്ട് വെച്ചിരിക്കുന്നത്. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പിന്നെ ചെയ്ത് അല്ലേ പറ്റൂ. ഫസ്റ്റ് ഷോട്ടിനായി ഞാൻ റെഡിയായി, കമല്‍ സാറിനോട് ഈ ഷോട്ടിന്റെ കാര്യം പറഞ്ഞു.
സാർ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. അങ്ങനെ മണി സാർ ആക്ഷൻ പറഞ്ഞു, ഞാൻ കമല്‍ സാറിന്റെ കഴുത്തില്‍ പതുക്കെ പിടിച്ചു. ഞാൻ പിടിച്ചത് ശരിയാകാതിരുന്നതിനാല്‍ മണി സാർ കട്ട് വിളിച്ചു. നീ എന്താ ചെയ്യുന്നത്, ശരിക്ക് പിടിക്ക് ചിമ്പൂ എന്ന് പറഞ്ഞു. ഞാൻ പറ‍ഞ്ഞു സാറിന് ഇത് തമാശയാണ്, എങ്ങനെയാണ് സാർ കമല്‍ സാറിന്റെ കഴുത്തില്‍ പിടിച്ച്‌ ഞെരിക്കുന്നത് എന്ന്. നീ അങ്ങനെ ചെയ്യുന്നത് സ്ക്രീനില്‍ നന്നായി മനസിലാകുന്നുണ്ട്, അതുകൊണ്ട് നന്നായി ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ രണ്ടാമത്തെ ടേക്ക് പോയി. അതിലും അദ്ദേഹം കട്ട് പറഞ്ഞു, എനിക്ക് എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. പിന്നെ എനിക്ക് ഒരുകാര്യം മനസിലായി, അടുത്ത പ്രാവശ്യം കമല്‍ സാറിന്റെ കഴുത്തില്‍ മര്യാദയ്ക്ക് പിടിച്ചില്ലെങ്കില്‍ മണി സാർ എന്റെ കഴുത്തിന് പിടിക്കുമെന്ന്. പിന്നെ അടുത്ത ഷോട്ടിന് റെഡിയായി. കമല്‍ സാറിനോട് പ്രശ്നമൊന്നുമില്ലല്ലോ എന്നൊക്കെ ഞാൻ ചോദിച്ചു.
കുഴപ്പമില്ല, നീ ചെയ്തോ എന്ന് അദ്ദേഹം പറഞ്ഞു. ആക്ഷൻ പറഞ്ഞു, ഞാൻ കമല്‍ സാറിന്റെ കഴുത്തിന് കയറി പിടിച്ചു, അദ്ദേഹം അതിന് ഭയങ്കരമായി റിയാക്‌ട് ചെയ്തു. ഞാൻ ഒന്ന് പിടിച്ചപ്പോഴേക്കും അദ്ദേഹം ഇങ്ങനെ റിയാക്‌ട് ചെയ്തതാണോ അതോ പെർഫോമൻസ് ആണോ എന്നൊന്നും എനിക്ക് മനസിലായില്ല. അപ്പോള്‍ ഞാൻ ഓർത്തു, ഞാനിപ്പോള്‍ കൈ വിട്ടാല്‍ മണി സാർ വീണ്ടും അടുത്ത ടേക്ക് പറയും.
ബലത്തില്‍ പിടിച്ച്‌ ഞെരിച്ചാല്‍ കമല്‍ സാറിന് പ്രശ്നമാകും. കുറച്ച്‌ സെക്കന്റ് നേരത്തേക്ക് എനിക്ക് എന്താണെന്ന് ഒന്നും മനസിലായില്ല. പിന്നെ കുറച്ച്‌ ലൈറ്റായി ഞാൻ പിടിച്ചു. അങ്ങനെയാണ് ആ സീൻ ചെയ്തത്. സോറി കമല്‍ സാർ അങ്ങനെ ചെയ്തതിന്. എന്നോട് ക്ഷമിക്കൂ, എല്ലാത്തിനും കാരണം മണി സാർ ആണ്....’’ ചിമ്പു പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW