-->
തമിഴകത്തിന്റെ ഉലകനായകന്‍ ഇക്കഴിഞ്ഞ ദിവസമാണ് കമല്‍ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. താരം തമിഴില്‍ സത്യപ്രതിജ്ഞ ചൊല്ലിയതടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്നും ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നിരവധി കാര്യങ്ങളും കടമകളും ചെയ്തു തീര്‍ക്കാനുണ്ടെന്നും കമല്‍ഹാസന്‍ തന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞിരുന്നു. ‘കമൽ ഹാസൻ എനും നാൻ’ എന്ന വാചകത്തിലൂടെ തുടങ്ങിയ സത്യപ്രതിജ്ഞയ്ക്ക് താരത്തിന്റെ സിനിമകളിലെ മാസ് ഡയലോഗുകളേക്കാള്‍ പഞ്ചുണ്ടായിരുന്നു.
ഇപ്പോഴിതാ അച്ഛന്റെ പുതുയാത്രയില്‍ ഏറെ സന്തോഷമുണ്ടെന്ന് കുറിക്കുകയാണ് ശ്രുതിഹാസന്‍. അച്ഛന്റെ ശബ്ദം നിയമസഭയുടെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചത് ഒരിക്കലും മറക്കാനാവാത്ത നിമിഷമായി എന്നാണ് ശ്രുതി ഹാസന്‍ കുറിച്ചത്. ‘‘എന്റെ പ്രിയപ്പെട്ട അപ്പ,
ഇന്ന് ധീരമായ ഒരു പുതിയ ലോകത്തിലേക്കുള്ള നിങ്ങളുടെ ചുവടുവയ്പ്പിന്റെ അടയാളമാണ്. രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം അപ്പയുടെ കൈയ്യൊപ്പായ ആ ശബ്ദം സഭയുടെ ചുവരുകളില്‍ ശക്തിയോടെയും ഗൗരവത്തോടെയും പ്രതിധ്വനിച്ചു നിറയുന്നത് കണ്ടത് മനസ്സിൽ എന്നെന്നേക്കുമായി പതിഞ്ഞ ഒരു നിമിഷമായി മാറി. എല്ലായ്‌പ്പോഴും എന്നപോലെ അപ്പ സന്തോഷവാനായിരിക്കണമെന്നും നേടാൻ ആഗ്രഹിക്കുന്നതെല്ലാം നേടണമെന്നും ഞാൻ ആഗ്രഹിക്കുന്നു... എപ്പോഴും എപ്പോഴും എപ്പോഴും സ്നേഹിക്കുന്നു...’’ എന്നാണ് ശ്രുതി ഹാസന്‍ കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
ഒരു മകളെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനം തോന്നുന്ന നിമിഷമാണതെന്നും നേട്ടങ്ങളും പ്രചോദനങ്ങളും നിറഞ്ഞ ഒരു അസാധാരണ യാത്രയാണ് നിങ്ങളുടെ അച്ഛന്റേത് എന്നുമടക്കം ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കമൽ ഹാസന്റെ പാർട്ടിയായ എംഎൻഎം സംസ്ഥാനത്ത് ഡിഎംകെ നയിക്കുന്ന മുന്നണിയിൽ എത്തിയത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നല്‍കിയത്. എതിരില്ലാതെ കമൽ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായതോടെ ഇന്ത്യാ സഖ്യത്തിന്റെ പാർലമെന്റിലെ ഉറച്ച ശബ്ദമാകാൻ കമൽഹാസന് സാധിക്കും.