-->
മലപ്പുറം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമ്പോള്‍ നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് ചൂടുയരുന്നു. മേയില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ച് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്നണികള്‍ക്കു മുന്നിലും കോരിച്ചൊരിയുന്ന മഴ മാത്രമാണു വെല്ലുവിളി. ഉപതെരഞ്ഞെടുപ്പിന് 24 ദിവസം മാത്രം ബാക്കിയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയശ്രദ്ധാകേന്ദ്രം ഇനി നിലമ്പൂരാകും.
നിലവിലെ ഭരണത്തെ ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പല്ലെങ്കിലും മുഖ്യമന്ത്രിക്കസേരയില്‍ മൂന്നാമൂഴം പ്രതീക്ഷിക്കുന്ന പിണറായി വിജയനും യു.ഡി.എഫിനെ തിരികെ ഭരണത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നിലമ്പൂര്‍ നിര്‍ണായകമാകും. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനു കാരണഭൂതനായ പി.വി. അന്‍വറിനും ഇത് അഭിമാനപ്പോരാട്ടം തന്നെ.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മേല്‍ക്കൈ നേടുന്ന തന്ത്രം കോണ്‍ഗ്രസ് നിലമ്പൂരിലും പരീക്ഷിക്കുമെന്നു വി.ഡി. സതീശന്‍ പറയുന്നു. നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്താണ് കെ.പി.സി.സി. പരിഗണനയില്‍ മുന്നിലുള്ളത്. ഹൈക്കമാന്‍ഡ് അനുമതിയോടെ ഇന്ന് രാവിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായേക്കും.
വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും നിലമ്പൂരില്‍ ക്യാമ്പ് ചെയ്താകും യു.ഡി.എഫിന്റെ പ്രചാരണം നയിക്കുക. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാറിനാണ് തെരഞ്ഞെടുപ്പ് ചുമതല. കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി, മണ്ഡലത്തിലെ 263 ബൂത്തുകളിലും യു.ഡി.എഫ്. കമ്മിറ്റികള്‍ രൂപീകരിച്ചു.
നിലമ്പൂര്‍ പോത്തുകല്‍ സ്വദേശിയായ സി.പി.എം. സംസ്ഥാനസമിതിയംഗം എം. സ്വരാജിനാണ് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ചുമതല. എല്‍.ഡി.എഫും. കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, പതിവിനു വിപരീതമായി നിലമ്പൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം സി.പി.എമ്മിന് വെല്ലുവിളിയാണ്. അന്‍വര്‍ ഇടതുപാളയം വിട്ട് യു.ഡി.എഫിനൊപ്പം പോയതിനാല്‍ കോണ്‍ഗ്രസില്‍നിന്ന് ആരെയെങ്കിലും അടര്‍ത്തിമാറ്റി സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. യു.ഡി.എഫ്. വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിക്കേ നിലമ്പൂരില്‍ ജയസാധ്യതയുള്ളൂവെന്ന കണക്കുകൂട്ടലിലാണ് സ്വതന്ത്രപരീക്ഷണത്തിന് സി.പി.എം. വീണ്ടും തുനിയുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി, ആര്യാടന്‍ മുഹമ്മദിനെതിരേ ഇടതുസ്വതന്ത്രനായിരുന്ന തോമസ് മാത്യു, ജില്ലാപഞ്ചായത്തംഗം ഷൊറോണ റോയി, പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.എം ഷൗക്കത്ത്, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം എന്നിവരാണു സി.പി.എം. പരിഗണനയിലുള്ളത്. സ്വതന്ത്രപരീക്ഷണം ഉപേക്ഷിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയെന്നു തീരുമാനമുണ്ടായാല്‍ നിലമ്പൂരുകാരനായ എം. സ്വരാജിനാണു സാധ്യത.
നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് നിലമ്പൂര്‍ നിയോജകമണ്ഡലം. 2,32,384 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,,889 സ്ത്രീ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും. പുതുതായി 59 പോളിങ് സ്‌റ്റേഷനുകള്‍ കൂടി വന്നതോടെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 263 ആയി.