-->
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടെണ്ണല്‍ ഏറെകുറെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 8000 കടന്നു. 12 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 8881 വോട്ടുകളുടെ ലീഡാണ് നേടിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ വോട്ടുകള്‍ അരലക്ഷത്തിന് മുകളിലേക്ക് പോയി.
12 റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്യാടന്‍ഷൗക്കത്ത് 52921 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥി എം.സ്വരാജിന് നേടാനായത് 44079 വോട്ടുകള്‍ മാത്രമാണ്. പി.വി. അന്‍വര്‍ 14000 വോട്ടുകള്‍ നേടി ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
19 ല്‍ 12 റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായിരിക്കുന്ന സ്ഥിതിയില്‍ യുഡിഎഫ് ക്യാമ്പില്‍ ആഹ്‌ളാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. നിലമ്പൂരിലെ പഞ്ചായത്തുകളില്‍ പോത്തുകല്ലിലെ ഒരു ബൂത്ത് ഒഴികെ എല്ലാ ബൂത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടായി. വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് 6000 വോട്ടിന്റെ ലീഡിലേക്ക് വന്നതോടെയാണ് യുഡിഎഫിന്റെ പ്രതീക്ഷ സജീവമായത്.
പി.വി. അന്‍വര്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫിന്റെ വോട്ടുകളാണെന്ന വിലയിരുത്തലുകള്‍ വന്നിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. പി.വി. അന്‍വറിന് 14,892 എന്ന നിലയില്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞത് നിര്‍ണ്ണായകമായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി 5560 വോട്ടുകള്‍ നേടാനേ മോഹന്‍കുമാറിന് കഴിഞ്ഞുള്ളൂ. 12 ാം റൗണ്ടില്‍ യുഡിഎഫിന് 4,420 വോട്ടുകള്‍ നേടാനായി.