-->
റോയല്‍ എന്‍ഫീല്‍ഡ് പുതിയൊരു 250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈബ്രിഡ് എഞ്ചിന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ബൈക്കായിരിക്കും വരാനിരിക്കുന്ന 250 സിസി മോഡല്‍. ഈ പ്രോജക്റ്റ് സാക്ഷാത്ക്കരിക്കാനായി കമ്പനി ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സിഎഫ്‌മോട്ടോയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണത്തിന് പകരം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായിരിക്കും വരാനിരിക്കുന്ന 250 സിസി മോട്ടോര്‍സൈക്കിളില്‍ കമ്പനി അവതരിപ്പിക്കുക. ഒപ്പം കുറഞ്ഞ വില കൂടിയാവുമ്പോള്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായേക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 250 സിസി ഹൈബ്രിഡ് ഹൃദയം നിലവിലുള്ള ബിഎസ്-VI ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും. കമ്പനിയുടെ ഉല്‍പ്പന്ന നിരയില്‍ ഹണ്ടര്‍ 350 മോഡലിന് താഴെയായിരിക്കും പുതിയ 250 സിസി ഹൈബ്രിഡ് ബൈക്ക് ഇടംപിടിക്കുക.
അങ്ങനെ നോക്കുമ്പോള്‍ വില 1.20 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. നിലവില്‍ ഹണ്ടര്‍ 1,49,900 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തുന്നത്. ആയതിനാല്‍ പുതിയ ഹൈബ്രിഡ് ബൈക്ക് ഹണ്ടറിനേക്കാള്‍ താങ്ങാനാവുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം തന്നെ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കൂടി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാന്‍ഡ്.