Friday, March 20, 2026 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 12.05 PM

ശ്രമങ്ങള്‍ വിഫലം: കടലില്‍ ചെരിഞ്ഞ കപ്പല്‍ പൂര്‍ണമായും മുങ്ങി, കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കും

kerala, cargo, ship, accident, updates

കൊച്ചി: കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി. കണ്ടെയ്നറുകള്‍ കടലിലേക്ക് വീണു. കപ്പലിനെ ഉയര്‍ത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലില്‍നിന്നു മാറ്റിയിരുന്നു. കപ്പല്‍ കടലില്‍ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം വിഫലമാകുകയായിരുന്നു.

ഇന്നലെ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകള്‍ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടാണ് കണ്ടെയ്നറുകള്‍ കടലില്‍ വീണത്. തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായാണ് കപ്പല്‍ ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്. തുടര്‍ന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയര്‍ വിമാനവും പട്രോള്‍ യാനങ്ങളായ ഐസിജിഎസ് അര്‍ണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോള്‍ യാനമായ ഐഎന്‍എസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് അപകടമെന്നു കരുതുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW