-->
കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങുന്നതായി സൂചന. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ട്. നിലവില്‍ 21 ഡിഗ്രി വരെ കപ്പല്‍ ചെരിഞ്ഞിട്ടുണ്ട്. ഇന്നലത്തെക്കാള്‍ കടല്‍ പ്രക്ഷുബ്ധമാണെന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കപ്പലിനെ ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനിരുന്നത്. പക്ഷെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതോട് കൂടി കപ്പല്‍ മുങ്ങാന്‍ തുടങ്ങുകയായിരുന്നു. നിലവില്‍ ക്യാപ്റ്റനെയും രണ്ട് പേരെയും നാവിക സേനയുടെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അതുല്‍ പിള്ള പറഞ്ഞു.
കപ്പല്‍ ഉയര്‍ത്താനുള്ള ദൗത്യം ഇതോടെ അവസാനിപ്പിച്ചു. കപ്പല്‍ ചെരിഞ്ഞതോടെ കണ്ടെയ്‌നറുകളും നഷ്ടപ്പെട്ടു. ഇനി ഇവ തിരിച്ചുപിടിക്കാനുള്ള സാഹചര്യമില്ലെന്നും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ സംസംഭവസ്ഥലത്തുതന്നെ തുടരുമെന്നും അതുല്‍ പിള്ള പറഞ്ഞു.
കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.