-->
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറന്റ്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ ചൈബാസയിലെ കോടതിയുടേതാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 26ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.
ബിജെപി നേതാവ് പ്രതാപ് കത്യാര്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി. 2018ലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദപരാമര്‍ശമാണ് കേസിനാധാരം. ഷാ ബിജെപിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്ത് കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് വരെ വേണമെങ്കില്‍ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കത്യാര്‍ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
ഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരവും എല്ലാ ബി.ജെ.പി പ്രവര്‍ത്തകരെയും അപമാനിക്കുന്നതുമാണെന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാനനഷ്ടക്കേസ് 2020 ഫെബ്രുവരിയില്‍ റാഞ്ചിയിലെ കോടതിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന്, കേസ് ചൈബാസയിലെ കോടതിയിലേക്ക് തിരിച്ചയച്ചു. ഇവിടെ നിന്നും സമന്‍സ് അയയ്ക്കുകയും ചെയ്തു. വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
കോടതി ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും ഗാന്ധി ഹാജരാകാതെ വിട്ടുനിന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. 2024 മാര്‍ച്ച് 20-ന് ഹര്‍ജി തീര്‍പ്പാക്കി.
പിന്നീട്, റായ്ബറേലി എംപി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഇത് ചൈബാസ കോടതിയും തള്ളിയിരുന്നു. ഇപ്പോഴിതാ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കര്‍ശന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.