-->
ഏറ്റവും പുതിയ മോഡലായ C40 റീചാര്‍ജില്‍ ഇപ്പോള്‍ സമാനതകളില്ലാത്തൊരു ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്വീഡിഷ് ബ്രാന്‍ഡ്. ഓള്‍-ഇലക്ട്രിക് എസ്യുവിക്ക് 8 ലക്ഷം രൂപ വരെയുള്ള ഓഫറുകളും ആനുകൂല്യങ്ങളുമാണ് വോള്‍വോ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 63 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഓള്‍-ഇലക്ട്രിക് കൂപ്പെ-എസ്യുവി ഇപ്പോള്‍ 55 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
2023-ല്‍ പുറത്തിറക്കിയ C40 റീചാര്‍ജിന് ഇന്ത്യന്‍ വിപണിയില്‍ പരിമിതമായ വില്‍പ്പന മാത്രമേ ഇതുവരെ നേടാനായുള്ളൂ. എങ്കിലും ഇവിയുടെ 2024 മോഡലുകള്‍ക്കാണ് കമ്പനി ഇത്തരത്തിലൊരു വലിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 78 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് C40 റീചാര്‍ജിന്റെ ഹൃദയം. ഇത് സിംഗിള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ WLTP റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 403 bhp കരുത്തില്‍ പരമാവധി 660 Nm torque ഉം വികസിപ്പിക്കുന്ന AWD സംവിധാനത്തോടുകൂടിയ ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളോടെയാണ് ഇന്ത്യന്‍ വിപണിയില്‍ വാഹനം വരുന്നത്.
0-100 കിലോമീറ്റര്‍ വേഗത വെറും 4.7 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാന്‍ വോള്‍വോയുടെ ഇലക്ട്രിക് എസ്യുവിക്ക് സാധിക്കും. അതേസമയം ഇവിയുടെ പരമാവധി വേഗം 180 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. C40 റീചാര്‍ജ് 150 kW വരെയുള്ള ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതിലൂടെ വെറും 37 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഉടമകള്‍ക്കാവും. അതേസമയം 11 kW ലെവല്‍ 2 ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വാഹനം പൂര്‍ണമായും ചാര്‍ജാവാന്‍ 8 മണിക്കൂര്‍ സമയം മാത്രമാണ് വേണ്ടിവരിക.
വയര്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വീഗന്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സുരക്ഷയ്ക്കായി ട്രാഫിക് അവസ്ഥകള്‍ അളക്കാന്‍ കഴിയുന്ന ഒരു ഓട്ടോ വണ്‍-പെഡല്‍ ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചുള്ള ലെവല്‍ 3 ADAS സവിശേഷതകള്‍ തുടങ്ങിയ സംവിധാനങ്ങളും 8 ലക്ഷം ഓഫറുള്ള C40 റീചാര്‍ജില്‍ ലഭ്യമാവും.