-->
കിയയുടെ ഫാമിലി കാറായ കാരന്‍സ് ക്ലാവിസിന്റെ ബുക്കിംഗ് ആരംഭിച്ചിരിയ്ക്കുകയാണ്. നിലവിലെ തലമുറ കാരന്‍സിനൊപ്പം വില്‍ക്കാനിരിക്കുന്ന ഈ മോഡല്‍ നിലവില്‍ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്നോ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ താത്പര്യമുള്ളവര്‍ക്ക് ബുക്ക് ചെയ്യാനാവും. 11.49 ലക്ഷം രൂപ മുതലാണ് കിയ തങ്ങളുടെ ഫാമിലി കാര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുള്‍പ്പെടെ ഏഴ് വേരിയന്റുകളിലായി ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂട്ടര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, ക്ലിയര്‍ വൈറ്റ്, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസില്‍ ലഭിക്കുന്നുണ്ട്.
ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വില 21.49 ലക്ഷം രൂപയാണ്. കിയ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തകരാറുകള്‍ സംഭവിച്ചാല്‍ എക്സ്റ്റന്‍ഡഡ് വാറന്റിയില്‍ നിന്നും, അതോടൊപ്പം തന്നെ ആദ്യ 12 മാസത്തിനുള്ളില്‍ പോറല്‍ ഏറ്റാല്‍ സൗജന്യ അറ്റകുറ്റപ്പണി വാഗ്ദാനം ചെയ്യുന്ന സ്‌ക്രാച്ച് കെയര്‍ പ്രോഗ്രാം പ്രയോജനപ്പെടുത്താവുന്നതാണ്. കിയ റോഡ്സൈഡ് അസിസ്റ്റന്‍സും നല്‍കുന്നുണ്ട്, അതിനൊപ്പം 3 വര്‍ഷത്തേക്ക് സ്റ്റാന്‍ഡേര്‍ഡ് കവറേജും എന്നാല്‍ 6 വര്‍ഷം വരെ എക്സ്റ്റന്റ്റ് ചെയ്യാവുന്നതുമാണ്. കിയ കാരെന്‍സിന്റെ അടിസ്ഥാന രൂപം നിലനിര്‍ത്തിക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ക്ലാവിസിനെ പ്രീമിയമാക്കാനായി അടിപൊളി നവീകരണങ്ങളും എക്സ്റ്റീരിയറില്‍ കിയ കൊണ്ടുവന്നിട്ടുണ്ട്.
പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകള്‍, പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഫ്രണ്ട് ബമ്പര്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, ഇരുവശത്തുമുള്ള എല്‍ഇഡി ലൈറ്റ് ബാറുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയെല്ലാം ഗംഭീരമായിട്ടുണ്ട്. പോരാത്തതിന് റീഡിസൈന്‍ ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റൂഫ് റെയിലുകള്‍ എന്നിവയും പുതിയ കാരെന്‍സ് ക്ലാവിസിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്.
പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ഫോര്‍-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, UV-കട്ട് ഗ്ലാസ്, ഡ്യുവല്‍ ഡാഷ് ക്യാം എന്നിവയും ക്ലാവിസിലുണ്ട്. 6 എയര്‍ബാഗുകള്‍, ESC, റിയര്‍ സീറ്റ് ഒക്കുപെന്റ് അലേര്‍ട്ട്, 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകള്‍ എന്നിവയും കിയ കാരെന്‍സ് ക്ലാവിസിലുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാവും പുതിയ കാരന്‍സ് ക്ലാവിസിലുമുണ്ടാവുക.