-->
കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായ അഭിമാനമായ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ താരം ബാറ്റിംഗിലും സ്റ്റമ്പിന് പിന്നിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. ആരാധകരുടെ പ്രിയങ്കരനും എക്കാലത്തെയും മികച്ച കളിക്കാരനുമാണ് സഞ്ജു.
ഐപി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് സഞ്ജുവായിരുന്നു. എന്നാല്‍ രാജസ്ഥാന്റെ ഐപിഎല്‍ സീസണ്‍ നിരാശജനകമായി അവസാനിച്ചതിന് പിന്നാലെ ടീം ക്യാംപ് സഞ്ജു വിട്ടിരുന്നു. ഐപിഎല്‍ പ്ലേഓഫില്‍ നിന്ന് പുറത്തായ രാജസ്ഥാൻ റോയല്‍സ് ക്യാമ്പില്‍ നിന്ന് നാട്ടിലേക്കാണ് സഞ്ജു മടങ്ങിയത്.
ഇപ്പോഴിതാ നാട്ടിലെത്തിയ ശേഷം സഞ്ജു സുഹൃത്തുക്കള്‍ക്കൊപ്പം ഇൻഡോർ ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സഞ്ജു തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം പങ്കിട്ടത്. കളിക്കുന്നതില്‍ ഒപ്പം കൂടിയിരിക്കുന്നവരാണ് കാഴ്ച്ചക്കാരുടെ അട്രാക്ഷന്‍.
സഞ്ജുവിനൊപ്പം ക്രിക്കറ്റ് കളിക്കുന്നത് ചില്ലറക്കാരല്ല. ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് ബാറ്റ് ചെയ്യുന്നത്. ഫീല്‍ഡില്‍ സംവിധായകനും പ്രേക്ഷകരുടെ പ്രിയ അഭിനേതാവും സഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ബേസില്‍ ജോസഫാണ്. ഒപ്പം സഞ്ജുവിന്റെ മാനേജർ നഹ ഇക്ലാസും. സഞ്ജുവാണ് പന്തെറിയുന്നത്. ബേസില്‍ ജോസഫിന്റെ ഫ്ലാറ്റിലാണ് സുഹൃത്തുക്കളുടെ ക്രിക്കറ്റ് കളി. ഭാര്യ ചാരുലത എടുത്ത ചിത്രമാണ് സഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്.
വളരെ മോശം പ്രകടനങ്ങളാണ് സീസണില്‍ ഇത്തവണ രാജസ്ഥാൻ റോയല്‍സ് നടത്തിയത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം വിജയിച്ച രാജസ്ഥാൻ എട്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. റിട്ടൻഷൻ മുതല്‍ ആരംഭിച്ച പ്രശ്നങ്ങള്‍ സീസണ്‍ പ്രകടനത്തില്‍ പ്രതിഫലിച്ചു. സഞ്ജു സാംസണ്‍ പരിക്കേറ്റ് പല മത്സരങ്ങളിലും പുറത്തിരുന്നതും രാജസ്ഥാന്റെ പ്രകടനങ്ങളെ ബാധിച്ചു.
ഗുജറാത്ത് ടൈറ്റൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് ഇത്തവണ ഐപിഎല്‍ പ്ലേ ഓഫിലെത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ പരാജയപ്പെട്ടിരുന്നു. ഇതോടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പ്ലേഓഫിലെ മറ്റ് മൂന്ന് ടീമുകള്‍ക്കും എത്തുമെന്ന നിലയിലാണ്.