-->
കടമ്പനാട്: കുന്നത്തൂര്‍, കടമ്പനാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 'പാകിസ്താന്‍ മുക്കി'ന്റെ പേര് മാറ്റാന്‍ തീരുമാനം. പ്രദേശം ഇനി 'ഐവര്‍കാല' എന്ന് അറിയപ്പെടും. 21 ന് ചേര്‍ന്ന കുന്നത്തൂര്‍ പഞ്ചായത്ത് കമ്മറ്റി യോഗം ഒറ്റക്കെട്ടായാണ് പേരുമാറ്റാനുള്ള തീരുമാനം അംഗീകരിച്ചത്. സി.പി.എം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിന് മുന്നിട്ടിറങ്ങിയത്.
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് നിലയ്ക്കലിലും കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറം വാര്‍ഡിലുമായിട്ടാണ് പാകിസ്താന്‍ മുക്കുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഐവര്‍കാല എന്ന സ്ഥലത്തിനു ലഭിച്ച പാകിസ്താന്‍ മുക്ക് എന്ന വിളിപ്പേര് പിന്നീട് പ്രദേശത്തിന്റെ പേരായി അംഗീകരിക്കപ്പെടുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പേരുമാറ്റത്തെ പറ്റി പഞ്ചായത്ത് ചിന്തിച്ചതെന്ന് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പറഞ്ഞു.
പാകിസ്താന്‍ മുക്കിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കൃഷ്ണകൃപയില്‍ കെ.ജി. അനീഷ്യ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മറ്റിക്ക് അജണ്ട വച്ചു. 21 നുള്ള യോഗത്തില്‍ 12-ാം നമ്പര്‍ അജണ്ടയായിട്ടാണ് വിഷയം ചര്‍ച്ചയ്ക്ക് വന്നത്. ഈ വിഷയം പഞ്ചായത്ത് കമ്മറ്റി ഐകകണേ്ഠ്യന അംഗീകരിക്കുകയായിരുന്നു.
കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായിട്ടാണ് കുന്നത്തൂര്‍ അറിയപ്പെടുന്നത്. പദ്ധതി ചെലവില്‍ ഒന്നാമതാണ്. ഏറ്റവും മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള അവാര്‍ഡും കരസ്ഥമാക്കി. മികച്ച പ്രവര്‍ത്തനത്തിനുള്ള സ്വരാജ് ട്രോഫിയും പഞ്ചായത്ത് നേടിയിരുന്നു. പ്രസിഡന്റ് വല്‍സല കുമാരിയും വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാടും സി.പി.എം. അംഗങ്ങളാണ്. 'പാകിസ്താന്‍ മുക്കി'ന്റെ ഒരു ഭാഗമുള്ള കടമ്പനാട് പഞ്ചായത്തും സി.പി.എമ്മാണു ഭരിക്കുന്നത്.