-->
മണിരത്‌നം-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. ചിമ്പു, നാസര്‍, തൃഷ, അഭിരാമി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനൊക്കെ ഗംഭീര അഭിപ്രായവും വന്നിരുന്നു. അതേ സമയം ചില വിമര്‍ശനങ്ങളും ഉയര്‍ന്നു.
എഴുപതുകാരനായ കമല്‍ ഹാസന്‍ തന്റെ മകളുടെ പ്രായമുള്ള നടിമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്തതായിരുന്നു വിഷയം. അഭിരാമിയുമായുള്ള ലിപ് ലോക്ക് രംഗത്തെ വ്യാപകമായി വിമര്‍ശിച്ചു. തൃഷയുടെ റോളിന് എതിരെയും ഉണ്ടായിരുന്നു വിമര്‍ശനം. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കമലിനൊപ്പം റൊമാന്‍സ് ചെയ്യുന്ന തൃഷയെയും കാണാം. അഭിരാമിയും - കമല്‍ ഹാസനും ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുമ്പോള്‍, കമല്‍ ഹാസനൊപ്പം റൊമാന്‍സ് ചെയ്യുന്ന തൃഷയ്ക്ക് സിനിമയില്‍ എന്താണ് റോള്‍ എന്നായിരുന്നു സംശയം.
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മുംബൈയില്‍ നടന്ന പ്രസ്സ് മീറ്റില്‍ തൃഷ കൃഷ്ണന്‍ നല്‍കി. തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ സമയത്തെ എനിക്ക് അറിയാമായിരുന്നു, ഇത്തരം വിമര്‍ശനം വരുമെന്ന്, അപ്പോള്‍ ഞാന്‍ സിനിമയുടെ കരാറില്‍ ഒപ്പ് വച്ചിരുന്നില്ല. പക്ഷേ അതേ സമയം ഇതൊരു മാജിക് ആണെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഈ സിനിമയുടെ ഭാഗമായിരുന്നില്ല - തൃഷ പറഞ്ഞു.
കമല്‍ ഹാസന്‍ - മണിരത്‌നം എന്നിങ്ങനെ രണ്ട് പ്രകത്ഭര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നതിലെ സന്തോഷവും അഭിമാനവും തൃഷ കൃഷ്ണന്‍ പങ്കുവച്ചു. തിരശ്ശീലയ്ക്ക് പിന്നിലുള്ള അവര്‍ രണ്ട് പേരുടെയും സിങ്ക് അപാരമാണ്, കണ്ണെടുക്കാന്‍ തോന്നില്ല. ശ്ശൊ നമ്മള്‍ അഭിനേത്താക്കളാണ്, അവരെ നോക്കിയിരിക്കാതെ, എന്തെങ്കിലും വര്‍ക്ക് ചെയ്യണം എന്ന് സ്വയം ഓര്‍മപ്പെടുത്തേണ്ട അവസ്ഥയായിരുന്നു. തീര്‍ത്തും മാജിക് ആയ അനുഭവം തന്നെ - തൃഷ കൃഷ്ണന്‍ പറഞ്ഞു.