-->
ഒരൊറ്റ കാഴ്ചയിൽ വർഷങ്ങൾക്ക് അപ്പുറമുള്ള ഓർമകളിലേക്കു തിരികെ കൊണ്ടുപോവുകയാണ് പലപ്പോഴും ത്രോബാക്ക് ചിത്രങ്ങൾ. കൗതുകമുണർത്തുന്ന അത്തരമൊരു ചിത്രവും ഓർമയും പങ്കിട്ടിരിക്കുകയാണ് നടൻ ഇർഷാദ് അലി.
വർഷങ്ങൾക്കു മുൻപു തനിക്കൊപ്പം അഭിനയിച്ച ഒരു ബാലതാരത്തെ അപ്രതീക്ഷിതമായി വീണ്ടും മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ കണ്ടുമുട്ടിയ ഓർമയാണ് ഇർഷാദ് അലി പങ്കിടുന്നത്.
പ്രശസ്ത കവിയും ഗാനരചയിതാവും നടനുമായിരുന്ന ശ്രീ മുല്ലനേഴിയുടെ മകൻ പ്രദീപൻ മുല്ലനേഴി ആദ്യമായി സംവിധാനം ചെയ്ത 'നമുക്കൊരേ ആകാശം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്തതാണ് ആദ്യത്തെ പടം. ഇർഷാദിനൊപ്പം നിൽക്കുന്നത് മാസ്റ്റർ അഭിനന്ദ്. കണ്ണൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഷരീഫ് ഈസയുടെ പുതിയ പടത്തിന്റെ സെറ്റിൽ വച്ച് അന്നത്തെ ആ മാസ്റ്റർ അഭിനന്ദിനെ വീണ്ടും അപ്രതീക്ഷിതമായി കണ്ടുമുട്ടുകയായിരുന്നു ഇർഷാദ്.
"കണ്ണൂരിൽ ഷരീഫ് ഈസയുടെ പുതിയ പടത്തിന്റെ സെറ്റ്.ലൊക്കേഷനിൽ, എന്നെ നോക്കി ചിരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ...
എന്നോടെന്തോ പറയാനുള്ളതുപോലെ! സിനിമയിലെ സഹതാരങ്ങളിൽ ഒരാളാണ്..ഇടയ്ക്ക്, ഷോട്ടിന്റെ ഇടവേളയിൽ അടുത്ത് വരുന്നു..
"എന്നെ ഓർമ്മയുണ്ടോ?"ഫോണിൽ ഒരു പഴയ പടം കാണിക്കുന്നു. ‘കുഞ്ഞായ' അവനും കൂടെ ഞാനും.
10 വർഷങ്ങൾക്കു മുൻപ്, ഇ. സന്തോഷ്‌കുമാറിന്റെ കഥയെ മുല്ലനേഴി മാഷുടെ മകൻ പ്രദീപ് മുല്ലനേഴി 'നമുക്കൊരേ ആകാശ'മാക്കി മാറ്റിയപ്പോൾ, ആ സെറ്റിൽ വെച്ചെടുത്ത ചിത്രം.അന്നവൻ ഒരു കുട്ടികുറുമ്പൻ. അന്നവനൊപ്പമെത്താൻ അവന്റെ തോളോളം കുനിഞ്ഞ ഞാൻ...ഇന്ന് അവനെന്റെ തോളൊപ്പം..കാലം എത്ര വേഗത്തിലാണ് ഓടിപ്പോവുന്നത്....എന്തൊക്കെ കൗതുകങ്ങളാണ് കാത്തുവെക്കുന്നത്....," ഇർഷാദ് കുറിച്ചു.