Friday, March 13, 2026 Last Updated 37 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 01.09 PM

‘നരസിംഹ’ത്തില്‍ അത്ഭുതത്തോടെ നോക്കി നിന്നു; പിന്നീടിങ്ങോട്ട് കൂട്ടുകാരനായി, ഒറ്റുകാരനായി, മകനായി; ഒടുവില്‍ ‘ദൃശ്യം 3’ വരെ...’ കുറിപ്പുമായി ഇര്‍ഷാദ് അലി

വില്ലന്‍, സഹനായകന്‍, നായകന്‍, സ്വഭാവനടന്‍ എന്നിങ്ങനെ തന്നിലേക്കെത്തിയ എല്ലാ കഥാപാത്രങ്ങള്‍ക്കം തന്റേതായ ഐഡന്റിറ്റി നല്‍കിയ ഇര്‍ഷാദ് അലി ഇപ്പോഴിതാ സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ്.
Irshad Ali, Mohanlal
Irshad Ali and Mohanalal (Image Source: Facebook)

അന്നു തുടങ്ങിയ സൗഹൃദമാണ്,‘തുടരു’ മില്‍ ഷാജി, ഇനി ‘ദൃശ്യ’
ത്തിലെ എസ്‌ഐ സുരേഷ് ബാബു; ഇര്‍ഷാദ് അലി

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഇര്‍ഷാദ് അലി. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി വില്ലനായും സഹവേഷങ്ങളിലുമടക്കം ആദ്യ കാലങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഇര്‍ഷാദ് പാഠം ഒന്ന് വിലാപം, ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്നീ ചിത്രങ്ങളിലൂടെ നായകനായി. അതിനു ശേഷം കോമഡി വേഷങ്ങളും സീരിയസ്സ് കഥാപാത്രങ്ങളുമടക്കം ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് താരം.
അഭിനയമെന്ന പോലെ തന്നെ ഇര്‍ഷാദിന്റെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ ജീവിതത്തിന്റെ ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ ഇര്‍ഷാദ് പലപ്പോഴും കുറിക്കാറുണ്ട്. ആ വരികള്‍ക്കൊക്കെ നിറഞ്ഞ ​കൈയടിയും നല്‍കാറുണ്ട് ആരാധകര്‍.
ഇപ്പോഴിതാ കടന്നുപോയ വഴികളെക്കുറിച്ച് ഇര്‍ഷാദ് പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ തന്റെ 30 വര്‍ഷങ്ങളെ കുറിച്ചാണ് ഹൃദയസ്പര്‍ശിയായ വരികളിലൂടെ ഇര്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘തുടരും’ എന്ന സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മോഹന്‍ലാലില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്ന ചിത്രത്തിനൊപ്പമാണ് ഇര്‍ഷാദ് അലിയുടെ കുറിപ്പ്.
‘‘സൂചിയിൽ നൂലുകോർക്കുന്നത്ര
സൂക്ഷ്മതയിൽ ഓരോ മനുഷ്യനും ആരോ ഒരാളാൽ
പരിഗണിക്കപ്പെടുന്നുണ്ട്.
- ആതിര ആർ
കേച്ചേരിയ്ക്ക് അടുത്ത പട്ടിക്കര എന്ന കുഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോൾ, നെഞ്ചിൽ ജ്വലിച്ചുനിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്. കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും!
സിനിമയിൽ പിടിവള്ളിയായി മാറാൻ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു അവസരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതുമായിരുന്നില്ല. കുട്ടിക്കാലത്തെപ്പോഴോ മനസ്സിൽ കയറിക്കൂടിയ സിനിമയെന്ന മോഹവസ്തു, ഇരിക്കപ്പൊറുതി തരാത്ത രീതിയിൽ അതെന്നെ അത്രമേൽ കൊതിപ്പിച്ചിരുന്നു.
ചാൻസ് തേടിയുള്ള അലച്ചിലുകൾ, മുന്നിൽ അടയുന്ന വാതിലുകൾ....അത്ര വേഗത്തിൽ സിനിമയെനിക്ക് പിടിതരില്ല എന്ന് തിരിച്ചറിഞ്ഞത് തിരസ്കാരങ്ങളിലൂടെയാണ്. മോഹഭംഗങ്ങളുടെ പേമാരിയിൽ ഒരുവേള ഞാൻ പൊള്ളിയവസാനിച്ചേനെ. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ ‘ഇന്നല്ലെങ്കിൽ നാളെ, വഴി തെളിയും’ എന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെളിച്ചം ബാക്കി നിന്നു.... ആ വെളിച്ചമായിരുന്നു വഴികാട്ടി.
വർഷം 1997. തിരുവനന്തപുരം വിമൻസ് കോളേജ്. ‘പ്രണയവർണങ്ങളുടെ’ ഷൂട്ടിംഗ് നടക്കുന്നു. തോമസ് സെബാസ്റ്റ്യനും ഗിരീഷ് മാരാരും തിരുവനന്തപുരത്തേക്ക് വിളിക്കുമ്പോൾ ആ ക്യാമ്പസ് ചിത്രത്തിൽ ഒരു വിദ്യാർത്ഥി വേഷം, അതിലപ്പുറം മോഹമില്ലായിരുന്നു.
സിബി സാറിന്റെ മുൻ ചിത്രമായ ‘നീ വരുവോളം’ എന്ന സിനിമയിൽ എന്റെ രംഗം അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു. ഒരുപക്ഷേ, ആ മോഹഭംഗത്തിനുള്ള പ്രാായശ്ചിത്തമെന്നവണ്ണമാവാം, അവസാന നിമിഷം എന്നെ ‘പ്രണയവർണങ്ങളി’ലേക്ക് വിളിക്കുന്നത്. കോളേജ് ചെയർമാന്റെ വേഷമായിരുന്നു എനിക്കതിൽ.
സിബി സാറിനെ പോയി കണ്ടപ്പോൾ, അദ്ദേഹം തിരക്കഥാകൃത്തുക്കളായ സച്ചിദാനന്ദൻ പുഴങ്കരയുടെയും ജയരാമൻ കടമ്പാട്ടിന്റെയും അടുത്തേക്ക് സ്നേഹത്തോടെ പറഞ്ഞയച്ചു. സിനിമയിൽ പിച്ചവച്ചു തുടങ്ങിയ ആ കാലത്ത് അവരെല്ലാം നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല.
ആ പടത്തിന്റെ എക്സിക്യൂട്ടീവ് ആയിരുന്നു രജപുത്ര രഞ്ജിത്തേട്ടൻ. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ, മനസ്സിൽ തിങ്ങിനിന്ന ആശങ്ക ഞാൻ മറച്ചുവെച്ചില്ല. ‘രഞ്ജിയേട്ടാ, എനിക്ക് സിനിമയിൽ തുടരാൻ പറ്റുമോ? രക്ഷപ്പെടുമോ?...’
‘സിനിമയിൽ അങ്ങനെ എളുപ്പവഴികളൊന്നുമില്ല മോനേ. ശ്രമിച്ചുകൊണ്ടേയിരിക്കുക...’ എന്നായിരുന്നു മറുപടി.
വെറും വാക്കുകളായിരുന്നില്ല അത്, പ്രത്യാശയുടെ മന്ത്രമായിരുന്നു.
അന്നു തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തേട്ടനുമായി. പിന്നീട്, രഞ്ജിത്തേട്ടന്റെ രജപുത്ര പ്രൊഡ്യൂസ് ചെയ്ത സീരിയലുകളിൽ അഭിനയിച്ചു. ഒറ്റ സിനിമയെ രഞ്ജിത്തേട്ടൻ സംവിധാനം ചെയ്തിട്ടുള്ളൂ, ബ്ലാക്ക് ബട്ടർഫ്ളൈ. ആ സ്വപ്നത്തിലും എന്നെ ചേർത്തുപിടിച്ച്, ഒരുകഥാപാത്രത്തെ അദ്ദേഹം എനിക്കായി നൽകി. രഞ്ജിത്തേട്ടനൊപ്പമുള്ള, എന്റെ യാത്ര ഇപ്പൊഴിതാ ‘തുടരും’ വരെ എത്തി നിൽക്കുന്നു.
വർഷം 1999. നരസിംഹമെന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അഭിനയിക്കുകയായിരുന്നില്ല, ‘ഒരു വലിയ മനുഷ്യൻ കഥാപാത്രമായി ജീവിക്കുന്നത്’ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു. ആ സിനിമയിൽ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലെ ഒരാളായി ഒപ്പം നിൽക്കാൻ പറ്റി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കൂട്ടുകാരനായി, ഒറ്റുക്കാരനായി, ബിഗ് ബ്രദറി’ൽ സ്നേഹം നിറഞ്ഞ ആ നെഞ്ചിൽ തലചായ്ച്ച് മരണം വരിക്കുന്ന ചങ്ക് ബ്രോ പരീക്കർ ആയി, പരദേശിയിൽ മകനായി... ‘തുടരും’ എന്ന ചിത്രത്തിൽ ഷാജിയായി.... ‘ദൃശ്യം 3’ ൽ അദ്ദേഹത്തിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നു. അടുത്ത് വരാനിരിക്കുന്ന ചിത്രവും അദ്ദേഹത്തിനൊപ്പം തന്നെ. അതുമൊരു സ്നേഹതുടർച്ചയാണ്.
സ്കൂൾ യുവജനോത്സവത്തിൽ കഥകളിയ്ക്ക് ഒന്നാം സമ്മാനം നേടിയ ഒരു പയ്യൻ. കോളേജിലെ വാധ്യാര് പണി ഉപേക്ഷിച്ച്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സിനിമയിലേക്ക് എടുത്തുചാടിയ ഒരാൾ. 2019ലെ ഐഎഫ്എഫ്കെ കാലത്താണ് തരുൺ എന്നെ ഓപ്പറേഷൻ ജാവയിലേക്ക് വിളിക്കുന്നത്. പൊലീസ് വേഷമാണെന്ന് കേട്ടപ്പോൾ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. ‘യൂണിഫോം ഇല്ല ഇക്കാ...’ എന്നായിരുന്നു മറുപടി. തുടക്കത്തിൽ ചെറിയൊരു സിനിമയായി തരുൺ അതാലോചിച്ചപ്പോഴും ആ പൊലീസ് വേഷത്തിന് എന്നെ തന്നെയാണ് പരിഗണിച്ചിരുന്നതത്രെ. പിന്നീടാണ് അതൊരു വലിയ പ്രൊജക്റ്റായി മാറിയത്.
തരുണിന്റെ രണ്ടാമത്തെ ചിത്രം സൗദി വെള്ളക്കയുടെ ഭാഗമാവാൻ കഴിഞ്ഞില്ലെങ്കിലും, ‘തുടരും’ വന്നപ്പോൾ തരുൺ വീണ്ടുമെന്നെ ചേർത്തുപിടിച്ചു. അടുത്തതായി, ‘ഓപ്പറേഷന്‍ കംബോഡിയ’ വരുന്നു... തരുണിനൊപ്പമുള്ള ആ നല്ല യാത്ര തുടരുന്നു...
അങ്ങനെയങ്ങനെ, ഒരുപാട് പേരുടെ പരിഗണനകളുടെയും ഹൃദയം നിറഞ്ഞ ചേർത്തുപിടിക്കലുകളുടെയും ഭാഗമായാണ് ഞാനിവിടെ തുടരുന്നത്. നേരിട്ടറിയാത്ത എത്രയോ മനുഷ്യരുടെ സ്നേഹം നെഞ്ചേറ്റി...
മരണം വരെ ഇവിടെയിങ്ങനെ തുടരണമെന്നാണ് മോഹവും. കടന്നുപോയ മുപ്പത് സിനിമാവർഷങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ എല്ലാവർക്കും, സ്നേഹത്തിനും പരിഗണനകൾക്കും ചേർത്തുപിടിക്കലുകൾക്കും, ഹൃദയം നിറഞ്ഞ നന്ദി...’’ എന്നാണ് ഇര്‍ഷാദ് ചിത്രത്തിനൊപ്പം കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW