-->
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ക്ലോയി ഗ്രേ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷേ, ഈ വൈറലിന് പിന്നില്‍ അവരുടെ ഏതെങ്കിലും കണ്ടന്റ് ആയിരുന്നില്ല കാരണം. മറിച്ച് വിമാന യാത്രയ്ക്കായി പോയപ്പോള്‍ ബാഗിനുള്ളില്‍ ഒരു റൊട്ടിസറി ചിക്കന്‍ സൂക്ഷിച്ചിരുന്നതാണ് ഇവരുടെ പേര് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിക്കാന്‍ കാരണമായത്. ബാഗിനുള്ളില്‍ സൂക്ഷിച്ച ചിക്കന്‍ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ ഇവരുടെ യാത്ര തടയുകയായിരുന്നു.
ന്യൂജേഴ്സിയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് ഉള്ള യാത്രയ്ക്കായി ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഗ്രേയുടെ ലഗേജ് ബാഗിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന റൊട്ടിസറി ചിക്കന്‍ ട്രാഫിക് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. എന്തോ 'ഭ്രാന്തന്‍ സാധനം' ബാഗില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിച്ചത്.
പിന്നീട് ഈ സംഭവത്തെക്കുറിച്ച് ക്ലോയി ഗ്രേ തന്നെ, തന്റെ സമൂഹ മാധ്യമത്തിലൂടെ സംഭവം വിവരിച്ചു. 'എന്തോ 'അസാധാരണമായ സാധനം' എന്റെ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നെ തടഞ്ഞു. അത് ഒരു മുഴുവന്‍ റൊട്ടിസറി ചിക്കന്‍ ആയിരുന്നു. എന്റെ കൈയിലെ ബാഗില്‍ ഉണ്ടായിരുന്ന ചിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. എട്ട് മണിക്കൂര്‍ ഫ്‌ലൈറ്റ് യാത്രയില്‍ ഉടനീളം എനിക്ക് പ്രോട്ടീന്‍ ആവശ്യമായിരുന്നു. ഫസ്റ്റ് ക്ലാസിന് പണം നല്‍കാതെ തന്നെ ഒരു ഫസ്റ്റ് ക്ലാസ് അനുഭവം ലഭിക്കുന്നത് ഇങ്ങനെയാണ്.' എന്നായിരുന്നു അവരെഴുതിയത്.
ഗ്രേയുടെ പോസ്റ്റിന് താഴെ സമൂഹ മാധ്യമ അനുയായികളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ ബുദ്ധിപരമായ നീക്കമെന്ന് വിശേഷിപ്പിച്ചെങ്കിലും മറ്റ് ചിലര്‍ ഗ്രേയെ രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തിനുള്ളിലെ മറ്റ് യാത്രക്കാര്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും വിമാനത്തിനുള്ളില്‍ മുഴുവന്‍ ചിക്കന്‍ ഗന്ധം പടരുമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ഗ്രേയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് ശേഷം ചിക്കന്‍ കൊണ്ടുപോകാന്‍ ഇവരെ അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.