-->
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ' തുടരും' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി രൂപയെന്ന സുവര്‍ണ നേട്ടവും ചിത്രവും സ്വന്തമാക്കിക്കഴിഞ്ഞു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ഷണ്മുഖന്റെ പഴയ സുഹൃത്തായി കാണിക്കുന്നത് തമിഴ് നടന്‍ വിജയ് സേതുപതിയെ ആണ്. എഐ നിര്‍മ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. മോഹന്‍ലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധനേടിയിരുന്നു. മോഹന്‍ലാലിനോടുള്ള ആരാധനകൊണ്ടാണ് സേതുപതി തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചതെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഇരുവരും ചെന്നൈയില്‍ ഫൈറ്റേഴ്‌സായി ജോലിചെയ്യുന്ന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന എഐ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. ഭാരതിരാജയും ചിത്രത്തിലുണ്ട്. 'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും,' എന്ന വരികളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.