-->
മലപ്പുറം: കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ അക്രമിച്ചുകൊന്ന സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. രണ്ട് തവണയാണ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. ഇത്തരത്തില്‍ രണ്ടു തവണ കത്തയച്ചിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.
എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. ടെക്‌നിക്കല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പടെ ചേര്‍ത്താണ് അനുമതി തേടി കത്തയച്ചത്. പ്രദേശത്ത് ജീവനും സ്വത്തിനും ഭീഷണിയായി കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.