-->
തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ബുധനാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ട് വ്യാഴാഴ്ചയോടെ അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നത്.