-->
ന്യൂഡല്‍ഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു. വിമതനേതാക്കൾ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്നതായും രാജിവച്ച കൗൺസിലർമാർ പ്രഖ്യാപിച്ചു. ഡൽഹി കോർപറേഷനിലെ എഎപിയുടെ സഭാനേതാവായ മുകേഷ് ഗോയൽ ഉൾപ്പെടെയുള്ളവരാണ് രാജിവച്ച് ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദശ് നഗറിൽനിന്ന് മുകേഷ് ഗോയൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുൻപാണ് ഇപ്പോൾ പാർട്ടി വിട്ട നേതാക്കൾ കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. 25 വർഷം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് കൗൺസിലറായിരുന്ന മുകേഷ് 2021ൽ എഎപിയിലെത്തുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് ആം ആദ്മി പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷമായി തുടരുന്നതിനിടെയാണ് 13 കൗൺസിലർമാർ ചേർന്ന് രാജി സമർപ്പിച്ച് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.