-->
ഫ്രഞ്ച് ബ്രാന്‍ഡ് ആയ സിട്രണും ഇപ്പോള്‍ സിഎന്‍ജി വിഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ്. ഡീലര്‍ ഫിറ്റഡ് സിഎന്‍ജി കിറ്റ് ഓപ്ഷനാണ് സിട്രണും വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായ C3 ഹാച്ച്ബാക്കാണ് ഇപ്പോള്‍ സിഎന്‍ജി മോഡലായി വിപണിയിലെത്തിയിരിക്കുന്നത്. സിട്രണ്‍ C3 മോഡലില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ 93000 രൂപയാണ് അധികം ചെലവ് വരുന്നത്. ഇതോടെ സിട്രണ്‍ C3-യുടെ വില 7.16 ലക്ഷം രൂപയാകും. എക്സ്ഷോറൂം വിലയാണിത്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് C3 സിഎന്‍ജി വേരിയന്റിന് കരുത്ത് പകരുന്നത്. പെട്രോള്‍ മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിട്രണ്‍ C3യില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാര്‍ കിലോഗ്രാമിന് 28.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.
റൈഡ് നിലവാരം സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സിട്രണ്‍ സിഎന്‍ജി വേരിയന്റിന്റെ റിയര്‍ സസ്‌പെന്‍ഷന്‍ നവീകരിച്ചിട്ടുണ്ട്. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ സുഗമമാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരായ ലൊവാറ്റോയുമായി സിട്രണ്‍ ഇന്ത്യ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രകടനത്തിലോ സുരക്ഷയിലോ വിട്ടുവീഴ്ച ചെയ്യാതെ സിട്രണ്‍ C3 ഉടമകളെ അവരുടെ വാഹനങ്ങള്‍ വിശ്വസനീയമായി സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ സഹകരണം വഴി സാധ്യമാകും. 55 ലിറ്റര്‍ (വാട്ടര്‍ കപാസിറ്റി) ശേഷിയുള്ള സിലിണ്ടറാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഫുള്‍ ടാങ്ക് സിഎന്‍ജിയില്‍ 170 മുതല്‍ 200 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് സിട്രണ്‍ പറയുന്നത്. ലൈവ്, ഫീല്‍, ഫീല്‍(0), ഷൈന്‍ എന്നീ നാല് വ്യത്യസ്ത ട്രിം ലെവലുകളില്‍ സിട്രണ്‍ C3 സിഎന്‍ജി ലഭ്യമാണ്. ഇന്ത്യയിലെ എക്സ്-ഷോറൂം വില 7.16 ലക്ഷം മുതല്‍ 9.24 ലക്ഷം രൂപ വരെ പോകുന്നു.