-->
തിരുവനന്തപുരം: തലച്ചോറില്‍ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്നയുടെയും മകള്‍ ജ്യോതിലക്ഷ്മി(15) ആണ് മരിച്ചത്. ഞെക്കാട് ഗവ.എച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ശ്വാസതടസവും ചുമയും ശരീരത്തില്‍ വിറയലും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പരിശോധനയില്‍ തലച്ചോറില്‍ അണുബാധ ഉണ്ടായെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച്ച മരിച്ചു.
വീടിനു സമീപത്തെ തോട്ടില്‍ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നുവെന്നും ദിവസങ്ങള്‍ കഴിഞ്ഞാണ് ഇതിനെ കണ്ടത്തിയതെന്നും ഈ തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികള്‍ വീട്ടില്‍ എത്തിയിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. മരിച്ച കുട്ടിയുടെ കാലില്‍ മുറിവ് ഉണ്ടായിരുന്നു. വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിയായ രീതിയില്‍ ചികിത്സ ലഭിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാതാവ് പറയുന്നു. മെഡിക്കല്‍ കോളെജില്‍ വച്ച് കുട്ടിക്ക് രോഗം ഗുരുതരാവസ്ഥയില്‍ എത്തിയെങ്കിലും രോഗം എന്തെന്ന് തിരിച്ചറിയാന്‍ പോലും ഡോക്ടര്‍മാര്‍ക്കായില്ല. വേദനകൊണ്ടു പിടഞ്ഞ കുട്ടിയെ നിലത്താണ് കിടത്തിയിരുന്നതെന്നും അമ്മ പറഞ്ഞു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ തിരിച്ചറിഞ്ഞത്. പിതാവ് ജോയി ഒരു വര്‍ഷമായി പക്ഷാഘാതം മൂലം കിടപ്പിലാണ്. സഹോദരന്‍: ജ്യോതിഷ്.