Saturday, March 14, 2026 Last Updated 56 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 10.50 AM

പതിറ്റാണ്ടുകള്‍ക്കൊടുവില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ വര്‍ധന: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

antartic, ice, sheet, growth

നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ ആദ്യമായി അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ വര്‍ധനയുണ്ടായതായി പഠനം. സയന്‍സ് ചൈന എര്‍ത്ത് സയന്‍സസ് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ആദ്യമായി അന്റാര്‍ട്ടിക്ക് ഹിമത്തില്‍ ഒരു അദ്ഭുതകരമായ മാറ്റം ഉണ്ടായതായി ഗവേഷകര്‍ പറയുന്നത്. ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമറ്റ് എക്‌സ്പരിമെന്റ് (ഗ്രേസ്) ദൗത്യവും ഗ്രേസ്-എഫ്ഒ (ഗ്രേസ് ഫോളോ-ഓണ്‍) ഉപഗ്രഹങ്ങളും അന്റാര്‍ട്ടിക്ക് മഞ്ഞുപാളികളില്‍ വര്‍ധന ഉണ്ടായതായി പറയുന്നു.ടോങ്ജി സര്‍വകലാശാലയിലെ ഡോ.വാങ്, പ്രഫസര്‍ ഷെന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് 2021 നും 2023 നും ഇടയില്‍ മഞ്ഞുപാളികളില്‍ വലിയ വര്‍ധന ഉണ്ടായതായി കണ്ടെത്തിയത്.

2015 വരെ അന്റാര്‍ട്ടിക്കയില്‍ കടല്‍ ഹിമത്തില്‍ മിതമായ വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2016 മുതല്‍ ഇത് കുത്തനെ കുറഞ്ഞു. ഉപഗ്രഹ ഗ്രാവിമെട്രി ഡാറ്റ അനുസരിച്ച് 2002 മുതല്‍ 2010 വരെ പ്രതിവര്‍ഷം 74 ബില്യണ്‍ ടണ്‍ ഐസ് നഷ്ടമായപ്പോള്‍ 2011 മുതല്‍ 2020 വരെ അത് ഇരട്ടിയായി. ഈ കാലയളവില്‍ പ്രധാനമായും പശ്ചിമ അന്റാര്‍ട്ടിക്കയിലും കിഴക്കന്‍ അന്റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളിലും വേഗത്തില്‍ മഞ്ഞുരുകിയതിനാല്‍ ഏകദേശം 142 ബില്യണ്‍ ടണ്‍ ഐസ് ആണ് ഉരുകിപ്പോയത്. എന്നാല്‍ 2021 നും 2023 നും ഇടയില്‍ മഞ്ഞുപാളികളില്‍ പ്രതിവര്‍ഷം 108 ജിഗാടണ്‍ ഐസ് വര്‍ധിച്ചതായും ഗവേഷകര്‍ കണ്ടെത്തി.

അതേസമയം അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികളില്‍ വര്‍ധനയുണ്ടായെങ്കിലും ആര്‍ട്ടിക് പ്രദേശത്ത് ഈ പ്രവണത ദൃശ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. നാസയുടെയും നാഷനല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്ററിന്റെയും (എന്‍എസ്ഐഡിസി) സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ട്ടിക് മേഖലയിലെ ശൈത്യകാല കടല്‍ മഞ്ഞില്‍ കുറവുണ്ടായി. 2025 മാര്‍ച്ച് 22 ന് ആര്‍ട്ടിക് സമുദ്ര ഹിമത്തിന്റെ പരമാവധി വ്യാപ്തി 14.33 ദശലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നുവെങ്കില്‍ 2017 ല്‍ ഇത് 14.41 ദശലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. ആര്‍ട്ടിക് മേഖലയില്‍ മഞ്ഞ് ഉരുകുമ്പോള്‍ ജലത്തിന്റെ നിറം മാറുന്നതിനാല്‍ സമുദ്രത്തില്‍ ഭക്ഷ്യ ശൃംഖലയിലെ പ്രധാന ഘടകമായ ചെറിയ കടല്‍ജീവികള്‍ക്ക് ഇത് ദോഷം ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ ഗവേഷകരും ഡെന്‍മാര്‍ക്കില്‍ നിന്നും നെതര്‍ലന്‍ഡ്സില്‍ നിന്നുമുള്ള സംഘങ്ങളും ചേര്‍ന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തില്‍, ആര്‍ട്ടിക് ഐസ് ഉരുകുമ്പോള്‍ സമുദ്രത്തിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് മാറിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. വെള്ളത്തിന്റെ നിറം മാറ്റം വളരാനും അതിജീവിക്കാനും ചില പ്രകാശ തരംഗദൈര്‍ഘ്യങ്ങളെ ആശ്രയിക്കുന്ന സൂക്ഷ്മജീവികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW