-->
കൊറോള ക്രോസ് എന്ന എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട. യൂറോപ്യന്‍ വിപണികള്‍ക്കായാണ് ടൊയോട്ട പുതുക്കിയ കൊറോള ക്രോസ് അവതരിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ് ബ്രാന്‍ഡിന്റെ TNGA-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന വാഹനം പെട്രോള്‍, ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്. ഹെഡ്ലൈറ്റുകളില്‍ പുതിയ ഇല്യൂമിനേറ്റഡ് സ്ട്രിപ്പ്, അഡാപ്റ്റീവ് എല്‍ഇഡി സാങ്കേതികവിദ്യ, സിഗ്‌നേച്ചര്‍ എല്‍-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ ബംബറുകള്‍ എന്നിവയാണ് കൊറോള ക്രോസ് ഫെയ്സ്ലിഫ്റ്റിന്റെ മുന്‍വശത്ത് ഒരുക്കിയിരിക്കുന്ന പ്രധാന നവീകരണങ്ങള്‍.
വശക്കാഴ്ച്ചയില്‍ കാര്യമായ പൊളിച്ചെഴുത്തുകളൊന്നും ഇല്ലെങ്കിലും 18 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈന്‍ പുതുക്കിയിട്ടുണ്ട്. പിന്നിലെ പരിഷ്‌ക്കാരങ്ങള്‍ ടെയില്‍ ലൈറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം പുതിയ GR സ്പോര്‍ട് വേരിയന്റിന് ഷാര്‍പ്പ് ഫ്രണ്ട് ഫാസിയ, 19 ഇഞ്ച് ഓള്‍-ബ്ലാക്ക് അലോയ് വീലുകള്‍, എക്സ്‌ക്ലൂസീവ് സ്‌ട്രോം ഗ്രേ കളര്‍ ഓപ്ഷന്‍ എന്നിവയുള്‍പ്പെടെയുള്ള ചില സ്പോര്‍ട്ടി ടച്ചുകളാണ് നല്‍കിയിരിക്കുന്നത്. യുഎസ്ബി-സി പോര്‍ട്ട്, ക്വി വയര്‍ലെസ് ചാര്‍ജര്‍, സ്ലൈഡിംഗ് സ്റ്റോറേജ് ബോക്‌സ്, അപ്‌ഡേറ്റ് ചെയ്ത കപ്പ് ഹോള്‍ഡറുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള വിശാലമായ സെന്റര്‍ കണ്‍സോളാണ് ടൊയോട്ട കൊറോള ക്രോസ് ഫെയ്സ്ലിഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഗിയര്‍ സെലക്ടറും കൂടുതല്‍ മനോഹരമായി റീഡിസൈന്‍ ചെയ്തിട്ടുണ്ട്. 12.3 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ടൊയോട്ട സ്മാര്‍ട്ട് കണക്ട് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. മഴയും റോഡിലെ മറ്റ് ശബ്ദങ്ങളും കുറയ്ക്കുന്നതിന് റൂഫില്‍ ഉയര്‍ന്ന ഡാമ്പിംഗ് ബോണ്ടിംഗ് മെറ്റീരിയലുകളാണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. റിയര്‍ വെന്റിലേറ്റര്‍ ഏരിയയ്ക്ക് സമീപം കൂടുതല്‍ നോയിസ് ഇന്‍സുലേഷനും ഉയര്‍ന്ന വകഭേദങ്ങള്‍ക്കായി ത്രീ-ലെയര്‍ ഇന്നര്‍ ഡാഷ് സൈലന്‍സറും ടൊയോട്ട ചേര്‍ത്തിട്ടുണ്ട്.
കൊറോള ക്രോസിന്റെ എഞ്ചിന്‍ ഓപ്ഷനുകളിലേക്ക് നോക്കിയാല്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 169 bhp കരുത്തില്‍ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഫ്രണ്ട്-വീല്‍-ഡ്രൈവ്, ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ എന്നിവയിലും ലഭ്യമാണ്. മറുവശത്ത് ഹൈബ്രിഡ് വേരിയന്റ് ഹൈബ്രിഡ് 140, ഹൈബ്രിഡ് 200 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണനത്തിന് എത്തുന്നത്.