Friday, March 13, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 11.44 AM

വോട്ടര്‍പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കുന്നത് ശിക്ഷാര്‍ഹം ; സ്ഥലം മാറിയാല്‍ പഴയ വോട്ടര്‍പട്ടികയില്‍ നിന്നും പേര് മാറ്റണം

uploads/news/2025/05/781163/voters-list.jpg

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കുന്നത് ശിക്ഷാര്‍ഹമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. 1950-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല.

ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിലവില്‍ ഇത്തരത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കം ചെയ്യുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടേഴ്‌സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി വോട്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

കൂടാതെ, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെയോ ബൂത്ത് ലെവല്‍ ഓഫീസറുടെയോ സഹായവും തേടാവുന്നതുമാണ്. ഒരു സ്ഥലത്തുനിന്ന് താമസം മാറുമ്പോള്‍ വോട്ടര്‍ പട്ടികയില്‍നിന്നും പുതിയ സ്ഥലത്തേക്ക് പേര് മാറ്റുന്നതിന് ഫോം 8-ല്‍ അപേക്ഷ നല്‍കണം. ഇതിനു പകരം പുതിയ സ്ഥലത്ത് ഫോം 6-ല്‍, വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവച്ച് പുതിയ അപേക്ഷ നല്‍കുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമുള്ളവരും എത്രയും പെട്ടെന്ന് അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ സമീപിക്കണം.

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക സൂക്ഷ്മ പരിശോധന നടത്തി, ബോധപൂര്‍വം ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും(ജില്ലാ കലക്ടര്‍) നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അഭ്യര്‍ഥിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW