-->
അന്യായ ലുക്കും ഫീച്ചറുകളുമെല്ലാമായി എത്തിയ പുത്തന്‍ സ്‌കോഡ കൊഡിയാക്കിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. 46.89 ലക്ഷം പ്രാരംഭ വിലയില്‍ അവതരിപ്പിച്ച കൊഡിയാക് നിലവില്‍ രണ്ട് വേരിയന്റുകളിലായാണ് വിപണിയില്‍ എത്തുന്നത്. സ്പോര്‍ട്ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാമത്തെ മോഡലിന് 48.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. മുമ്പത്തെപ്പോലെ പുതിയ കൊഡിയാക് ഇന്ത്യയില്‍ തന്നെയാണ് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നത്.
കൊഡിയാക് സ്‌പോര്‍ട്ലൈന്‍ വേരിയന്റില്‍ ഗ്രില്‍, വിംഗ് മിററുകള്‍, D-പില്ലര്‍ ഗാര്‍ണിഷ്, പിന്‍ ബമ്പര്‍ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് സ്‌കോഡ കൊഡിയാക് ഇത്തവണ നിരത്തിലേക്ക് ഇറങ്ങുന്നത്. മൊത്തത്തില്‍ 4,758 മില്ലിമീറ്റര്‍ നീളമുള്ള പുത്തന്‍ സ്‌കോഡ കൊഡിയാക്കിന് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റര്‍ നീളം അധികമായുണ്ട്. ഇതുകൂടാതെ 1,864 മില്ലിമീറ്റര്‍ വീതി, 1,659 മില്ലീമീറ്റര്‍ ഉയരം, 2,971 മില്ലീമീറ്റര്‍ വീല്‍ബേസ് എന്നിവയും വാഹനത്തിനുണ്ട്.
13 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, സ്‌കോഡയുടെ സ്മാര്‍ട്ട് ഡയലുകള്‍, റോട്ടറി നോബുകള്‍, ക്ലൈമറ്റ്, മീഡിയ ഫംഗ്ഷനുകള്‍ക്കായുള്ള ഡിജിറ്റല്‍ സ്‌ക്രീനുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവയാണ് കൊഡിയാക്കിന്റെ ഇന്റീരിയറിനെ കിടിലമാക്കുന്നത്.
സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചകളൊന്നുമില്ല. ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്യുവി വരുന്നത്. ഇതുകൂടാതെ 9 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് അസിസ്റ്റ് എന്നിവയും വാഹനത്തിനുണ്ട്.