Sunday, March 15, 2026 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 03.12 PM

‘‘ജനിച്ചയുടന്‍ എനിക്ക് ഗുരുതരമായ മഞ്ഞപ്പിത്തം വന്നു; തലച്ചോറിലേക്ക് പടര്‍ന്നു, കേള്‍വിശക്തിയെയും സംസാരശേഷിയേയും നന്നായി ബാധിച്ചു...’’ ഇബ്രാഹിം അലി ഖാന്‍

uploads/news/2025/05/781026/Untitled-3.jpg
Ibrahim Ali khan about emotional and physical diabilities (Image Source: Instagram)

പട്ടൗഡി കുടുംബത്തിലെ കൊച്ചുമകന്‍, അഭിനേതാവായ സെയ്ഫ് അലി ഖാന്റെ മകന്‍, ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന അമൃത സിങ്ങിന്റെ മകനും അഭിനേത്രിയായ സാറ അലി ഖാന്റെ സഹോദരന്‍... ഇങ്ങനെ ഇബ്രാഹിം അലി ഖാന്റെ വിശേഷണങ്ങള്‍ അനവധിയാണ്. സിനിമാ കുടുംബത്തില്‍ നിന്നെത്തിയതു കൊണ്ടാകാം ഇബ്രാഹിം ബാല്യം മുതല്‍ തന്നെ ലൈംലൈറ്റിലുണ്ടായിരുന്നു.
അച്ഛന്റെയും മുത്തശ്ശിയുടെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ഇബ്രാഹിം അലി ഖാനും വെള്ളിത്തിരയില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഈയിടെ പുറത്തിറങ്ങിയ നദാനിയൻ ആയിരുന്നു താരപുത്രന്റെ അരങ്ങേറ്റ ചിത്രം. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും ഇളയമകൾ ഖുഷി കപൂറാണ് ഈ സിനിമയിലെ നായിക. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് ശേഷം ഇബ്രാഹിമിന് ധാരാളം വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ ഇബ്രാഹിമിന്റെ പ്രകടനം വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ തനിക്ക് കുട്ടിക്കാലം മുതല്‍ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇബ്രാഹിം തുറന്നുപറഞ്ഞതാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ജനനസമയത്ത് ഉണ്ടായ ഗുരുതരമായ മഞ്ഞപ്പിത്തം തന്റെ സംസാരശേഷിയെയും കേള്‍വിശക്തിയെയും ബാധിച്ചതായി ഇബ്രാഹിം പങ്കുവെച്ചു.
‘‘ഞാൻ ജനിച്ചയുടനെ, എനിക്ക് ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ചു, അത് നേരിട്ട് എന്റെ തലച്ചോറിലേക്കാണ് പോയത്. പിന്നീട് എനിക്ക് കേള്‍വിശക്തി വളരെയധികം നഷ്ടപ്പെട്ടു, അത് എന്റെ സംസാരശേഷിയെ ബാധിച്ചു. എന്റെ സംസാരശേഷി മെച്ചപ്പെടുത്തുന്നതിനായി വർഷങ്ങളായി വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. കുട്ടിക്കാലം മുതല്‍ പരിശീലകരുടെയും തെറാപ്പിസ്റ്റുകളുടെയും സഹായം തേടുന്നുണ്ട്...
സംസാരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും എന്റെ ഇംഗ്ലണ്ടിലെ ബോർഡിങ് സ്കൂളില്‍ അയച്ചാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. തുടക്കത്തില്‍ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ വളരാൻ ആ അനുഭവം എന്നെ വളരെയധികം സഹായിച്ചു. സ്പോർട്സില്‍ ശ്രദ്ധിച്ചു. പുതിയ സുഹൃത്തുക്കളെ ലഭിച്ചു, ധാരാളം കാര്യങ്ങള്‍ പഠിച്ചു, അങ്ങനെ ജീവിതത്തിലെ ഏറ്റവും മികച്ച നാല് വർഷങ്ങളായിരുന്നു അത്... ’’ ഇബ്രാഹിം പറഞ്ഞു. ജിക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW