-->
ന്യൂഡല്‍ഹി: കശ്മീരില്‍നിന്നു പാകിസ്താന്‍ പൂര്‍ണമായി ഒഴിഞ്ഞുപോകണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ ആദംപുര്‍ വ്യോമസേനാ താവളം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കും. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് മടക്കിനല്‍കണം. പാകിസ്താന്‍ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടു തവണ സഹായം വാഗ്ദാനം ചെയ്തിട്ടും ഇന്ത്യയുടെ ദൃഢനിശ്ചയത്തില്‍ മാറ്റമില്ല.
'ഭീകരതയും സംഭാഷണവും ഒന്നിച്ച് പോകില്ല... ഭീകരതയും വ്യാപാരവും ഒന്നിച്ച് നടക്കില്ല... ഭീകരതയും ജലവും ഒന്നിച്ച് ഒഴുകില്ല. നാം പാകിസ്താനുമായി സംസാരിക്കുകയാണെങ്കില്‍, അതു ഭീകരതയെയും പാക് അധിനിവേശ കശ്മീരിനെക്കുറിച്ചു മാത്രമായിരിക്കും'- പ്രധാനമന്ത്രി പറഞ്ഞു. പഹല്‍ഗാം മാതൃകയിലുള്ള ഭീകരാക്രമണങ്ങളുണ്ടായാല്‍ ഇന്ത്യയുടെ സായുധസേന ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
ഭീകരതയെ നേരിടാനായി ആവശ്യമുള്ള കാലത്തോളം 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടരും. നമ്മുടെ ഉദ്ദേശ്യം വ്യക്തമാണ്. മറ്റൊരു ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യ പ്രതികരിക്കും. ഉറി, പുലവാമ ഭീകരാക്രമണങ്ങള്‍ക്കു ശേഷം നമ്മള്‍ ഇതു കണ്ടു. ഓപ്പറേഷന്‍ സിന്ദൂറാണ് ന്യൂ നോര്‍മല്‍.-പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ശക്തമായ താക്കീത് നല്‍കിയിരുന്നു.
ആദംപുര്‍ വ്യോമതാവളത്തില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ മോദി, അവര്‍ക്കു നന്ദി പറഞ്ഞു. ' എല്ലാ ഇന്ത്യക്കാരും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ ചരിത്രമെഴുതി. നിങ്ങളുടെ അനുഗ്രഹത്തിനായാണു ഞാന്‍ ഇവിടെയെത്തിയത്. ഭീകരര്‍ നമ്മളെ വെല്ലുവിളിച്ചു. പക്ഷേ, നിങ്ങള്‍ അവരെ തകര്‍ത്തു. നിങ്ങള്‍ അവരുടെ താവളങ്ങള്‍ തകര്‍ക്കുകയും നൂറിലധികം ഭീകരരെ വകവരുത്തുകയും ചെയ്തു. നമ്മളെ ആക്രമിച്ചാല്‍ അവരുടെ നാശമാകും ഫലമെന്ന് അവര്‍ക്കു മനസിലായി.'-പ്രധാനമന്ത്രി പറഞ്ഞു. 'ഭാരത് മാതാ കീ ജയ്' വിളിച്ചുകൊണ്ടാണു മോദി സൈനികരെ അഭിസംബോധന ചെയ്തത്.
പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യേമാതാവളമാണ് ആദംപുര്‍. വ്യോമതാവളം സന്ദര്‍ശിച്ച പ്രധാനമന്ത്രി, വ്യോമ പ്രതിരോധ സംവിധാനമായ എസ്.-400 നു മുന്നില്‍നിന്നു സല്യൂട്ട് ചെയ്യുന്ന ചിത്രവും പുറത്തുവന്നു. ആദംപുര്‍ വ്യോമതാവളം തകര്‍ത്തതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു.
അതേ സമയം, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പുതിയൊരു സാധാരണ നില സൃഷ്ടിച്ചിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ഇപ്പോള്‍ ഒരു സാധാരണാവസ്ഥയുണ്ടെന്നും പാകിസ്താന്‍ എത്രയും വേഗം അതിനോടു പൊരുത്തപ്പെടുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെക്കുറിച്ചുള്ള പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നശിപ്പിച്ച ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യക്കാരുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി നിരപരാധികളുടെയും മരണത്തിന് ഉത്തരവാദികളായവരുടെ ഇടങ്ങളാണ്.- ജയ്‌സ്വാള്‍ പറഞ്ഞു. രാജ്യാന്തര അതിര്‍ത്തി കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇന്ത്യ പിന്‍വലിക്കാതിരുന്നാല്‍ വെടിനിര്‍ത്തല്‍ തുടരാനുള്ള സാധ്യത ചോദ്യം ചെയ്യപ്പെടുമെന്നാണു പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പറഞ്ഞത്. സിന്ധു നദിയില്‍നിന്നുള്ള വെള്ളം വഴിതിരിച്ചുവിട്ടാല്‍ യുദ്ധനടപടിയായി അതു കണക്കാക്കുമെന്നു പാകിസ്താന്റെ ദേശീയ സുരക്ഷാ സമിതി പ്രഖ്യാപിച്ചിട്ടുള്ളതായും ദാര്‍ പറഞ്ഞിരുന്നു.
അതേസമയം, അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുമെന്ന നിലപാട് ഇന്ത്യ ഇന്നലെ ആവര്‍ത്തിച്ചു.