-->
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും നാല് ഭീകരരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഭീകരനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ കശ്മീരിലേക്ക് നുഴഞ്ഞുകയറിയ ഭീകരരുമായിട്ടാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായും ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതായുമാണ് വിവരം.
നാലംഗ ഭീകരസംഘമാണ് ആദ്യം കുല്‍ഗാമിലും പിന്നീട് ഷോപ്പിയാനിലും നുഴഞ്ഞുകയറിയതും വെടിവെയ്പ്പ് നടത്തിയതും. സെന്യത്തിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് മണിക്കൂറോളം ഭീകരരുമായി പോരാടുകയാണ്. ലഷ്‌ക്കര്‍ ല്‍ തയ്ബയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് കരുതുന്നു. ഈ ഏറ്റുമുട്ടലിന്റെ സമയം പ്രാധാന്യമര്‍ഹിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടക്കുന്ന ഏറ്റുമുട്ടല്‍ കൂടിയാണ് ഇത്.
കശ്മീരില്‍ ഭീകരാക്രമണമുണ്ടായാല്‍ യുദ്ധമെന്ന് രീതിയില്‍ പരിഗണിക്കുമെന്നാണ് ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ വിഭാഗം.