Tuesday, March 24, 2026 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 13 May 2025 10.33 AM

പരാതി ലഭിച്ചിട്ടും സെലിബ്രിറ്റികള്‍ക്കെതിരേ നടപടിയെടുക്കാനാകാതെ വനംവകുപ്പ് ; വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ധരിക്കുന്നത് വ്യാപകം

uploads/news/2025/05/780760/forest.jpg

കൊച്ചി: വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ധരിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാനാകാതെ വനംവകുപ്പ്.
പുലിപ്പല്ല് ധരിച്ചെന്ന പരാതിയില്‍ റാപ്പന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരേ കേസെടുത്തതിനു കോടനാട് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നാണു പരാതിവന്നിട്ടുള്ളവര്‍ക്കെതിരേ നിയമനടപടി എടുക്കാനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുഴങ്ങുന്നത്.

മലയാള സിനിമാരംഗത്തെ മൂന്നു പ്രമുഖര്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ വന്യമൃഗങ്ങളുടെ ശരീരഭാഗം ധരിക്കുന്നതായി ചിത്രങ്ങള്‍ സഹിതമാണു പരാതി ലഭിച്ചിട്ടുള്ളത്. വേടനെതിരേ കേസെടുത്ത സാഹചര്യത്തില്‍, ഇവര്‍ക്കെതിരേയും കേസെടുക്കണമെന്നാണു പരാതിക്കാരുടെ ആവശ്യം. കേസെടുക്കാതിരുന്നാല്‍, പരാതിക്കാര്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. കോടതിയുടെ ഇടപെടലുണ്ടായാല്‍ കേസെടുക്കാതിരിക്കാന്‍ കഴിയാതെ വരും.

അതേസമയം, പുലിപ്പല്ലു കേസില്‍ വേടനെതിരേ കേസെടുത്തതോടെ വന്യമൃഗ ഭാഗങ്ങള്‍ ധരിക്കുന്ന സെലിബ്രിറ്റികള്‍ അവ മാറ്റിയിരിക്കുമെന്നാണു വനംവകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍, കേസെടുക്കുന്നപക്ഷം നേരത്തെ ഇവ ധരിച്ചിരുന്നതിനാല്‍, വിശദീകരണം നല്‍കേണ്ടിയും വരാം. അതേസമയം, വേടന്‍ ധരിച്ചിരുന്ന പുലിപ്പല്ല് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

അത്യാവശ്യമുണ്ടെങ്കില്‍, രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. അതിനുശേഷമേ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനാവൂ. പക്ഷേ, പുലിപ്പല്ലു കേസില്‍ സര്‍ക്കാര്‍ ഇടപെടലില്‍ അന്വേഷണം മരവിപ്പിച്ചതോടെ ഫോറന്‍സിക് ഫലം തിടുക്കത്തില്‍ വാങ്ങാനിടയില്ല.

വേടനെതിരേ നേരത്തെ വനംവകുപ്പിനു പരാതി ലഭിച്ചിരുന്നു. എന്നാല്‍, സെലിബ്രിറ്റിയായതിനാല്‍ കേസെടുത്തില്ലെന്നു വനംവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വേടനെതിരേ പിന്നീടു ലഹരി മരുന്ന് കേസ് വന്നതോടെ, തങ്ങള്‍ക്കു ലഭിച്ച പരാതിയില്‍ കേസെടുക്കാന്‍ വനംവകുപ്പ് തയാറാവുകയായിരുന്നു. അല്ലാത്തപക്ഷം, നേരത്തെ പരാതി നല്‍കിയവര്‍ ആക്ഷേപമുന്നയിക്കാനുള്ള സാധ്യത കണ്ടാണു തിടുക്കത്തില്‍ കേസെടുത്തത്.

റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്ത റേഞ്ച് ഓഫീസര്‍ ആര്‍. അധീഷിനെ എറണാകുളം ഫ്‌ളൈയിങ് സ്‌ക്വാഡിലേക്കാണു സ്ഥലംമാറ്റിയിരിക്കുന്നത്. കോടനാട് റേയ്ഞ്ച് ഓഫീസില്‍ പകരം റെയ്ഞ്ചറെ നിയമിച്ചിട്ടില്ല.

Ads by Google
ജെബി പോള്‍
Tuesday 13 May 2025 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW