-->
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ തടിയന്‍ എന്ന് വിളിച്ച് ബോഡി ഷെയിം ചെയ്തവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. വ്യാഴാഴ്ചയായിരുന്നു സംഭവം. അര്‍ജുന്‍ ചൗഹാന്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. പ്രദേശത്ത് നടന്നുകൊണ്ടിരുന്ന ഒരു സമൂഹ സദ്യ കഴിക്കാനെത്തിയതായിരുന്നു അര്‍ജുന്‍. ഇതിനിടെ അനില്‍ ചൗഹാന്‍, ശുഭം ചൗഹാന്‍ എന്നിവര്‍ അര്‍ജുന് ഭാരം കൂടുതലാണെന്നും തടിയന്‍ എന്നും വിളിച്ച് അധിക്ഷേപിച്ചു.
ഇതില്‍ ദേഷ്യപ്പെട്ടാണ് അര്‍ജുന്‍ വെടിയുതിര്‍ത്തത്. അനിലും ശുഭവും കാറില്‍ തിരിച്ചുപോകുമ്പോള്‍ അര്‍ജുനും കൂട്ടുകാരനും ഇരുവരെയും പിന്തുടര്‍ന്നു.കാര്‍ അടുത്തുള്ള ഒരു ടോള്‍ പ്ലാസ എത്തിയപ്പോഴേക്കും അര്‍ജുന്‍ ഇരുവരെയും കാറില്‍ നിന്നിറക്കി വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞു. പ്രദേശവാസികളാണ് വെടിയേറ്റ അനിലിനെയും ശുഭത്തിനെയും ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും അപകടനില തരണം ചെയ്തു. അര്‍ജുനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.