Friday, March 13, 2026 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 11 May 2025 09.59 AM

'സൂര്യന്റെ മുട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിയാസാക്കി: ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം

miyasaki, mango, worth, millions, japanese

പലതരം മാങ്ങാ ഇനങ്ങള്‍ നമ്മുക്ക് സുപരിചിതമാണെങ്കിലും ജപ്പാന്റെ അത്ഭുതപ്പെടുത്തുന്ന അപൂര്‍വ്വയിനം മാങ്ങയാണ് മിയാസാക്കി. ഒരു ചുവപ്പ് രത്‌നം പോലെ മനോഹരമായ മിയാസാക്കി ഭൂമിയിലെ ഏറ്റവും വിലയേറിയ മാമ്പഴമായാണ് അറിയപ്പെടുന്നത്. കാവ്യാത്മകമായി 'സൂര്യന്റെ മുട്ട' എന്നാണ് മിയാസാക്കി മാമ്പഴം അറിയപ്പെടുന്നത്. നിറം കൊണ്ടും രൂപം കൊണ്ടും ഏറെ ആകര്‍ഷണീയമാണ് ഈ മാമ്പഴം. കടും ചുവപ്പു നിറത്തില്‍ കാണപ്പെടുന്ന ഈ മാമ്പഴം ഏറെ രുചികരവും മധുരമുള്ളതുമാണ്. മാമ്പഴമാണെന്ന് കരുതി ഇതിനെ ആരും വിലകുറച്ചു കാണരുത്, ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറില്‍ സൂക്ഷ്മതയോടെ വളര്‍ത്തുന്ന ഒരു ആഡംബര വസ്തുവാണിത്.

മാവ് പൂക്കുന്ന കാലം മുതല്‍ അതീവ ശ്രദ്ധയോടെയാണ് ഇതിന്റെ പരിചരണം ആരംഭിക്കുന്നത്. പരാഗണം പ്രകൃതിക്ക് വിട്ടുകൊടുക്കാതെ കര്‍ഷകര്‍ കൈ കൊണ്ടാണ് ചെയ്യുന്നത്. ഉണ്ണി മാങ്ങകള്‍ ഉണ്ടായി തുടങ്ങിയാല്‍ കീടങ്ങളില്‍ നിന്നും പൊടിയില്‍ നിന്നും പ്രത്യേകം സംരക്ഷിച്ച് പരിപാലിക്കുന്നു. പൂര്‍ണ്ണമായി പാകമാകുന്നത് വരെ കൃത്യമായ അളവില്‍ സൂര്യപ്രകാശം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. ഈ അതിസൂക്ഷ്മ കൃഷി രീതിയാണ് മിയാസാക്കി മാങ്ങയ്ക്ക് അതിന്റെ സിഗ്‌നേച്ചര്‍ ലുക്കും അസാധാരണമായ രുചിയും നല്‍കുന്നത്. ആന്റിഓക്സിഡന്റുകള്‍, ഡയറ്ററി ഫൈബര്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവയാല്‍ സമ്പന്നമായ ഈ മാമ്പഴത്തിന് 15 -ല്‍ കൂടുതല്‍ ബ്രിക്സ് സ്‌കോര്‍ (മധുരത്തിന്റെ അളവ്) ഉണ്ട്. രുചിയിലും ഘടനയിലും ഇത് മറ്റ് മാമ്പഴങ്ങളേക്കാള്‍ വളരെ മികച്ചതാണ് ഇവ. ജപ്പാനില്‍ നടന്ന ഒരു ലേലത്തില്‍, ഒരു ജോഡി മിയാസാക്കി മാമ്പഴത്തിന് 2.7 ലക്ഷം രൂപ (ഏകദേശം $3,000) വിലയ്ക്കാണ് വിറ്റ് പോയത്.

കൃഷിയില്‍ അതീവ സൂക്ഷ്മത പാലിക്കേണ്ടത് കൊണ്ടുതന്നെ ഈ മാമ്പഴം കൃഷി ചെയ്യുന്നതും വളരെ കുറവാണ്. ജപ്പാനിലെ മാമ്പഴമാണ് മിയാസാക്കിയെങ്കിലും ഇപ്പോള്‍ ജപ്പാന് പുറത്തും ഈ മാമ്പഴം സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ട്. 2021-ല്‍, ബീഹാറില്‍ നിന്നുള്ള കര്‍ഷകനായ സുരേന്ദ്ര സിംഗ്, ഇന്ത്യയില്‍ മിയാസാക്കി മാമ്പഴം വിജയകരമായി കൃഷി ചെയ്ത് കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടി. ജപ്പാനില്‍ നിന്ന് രണ്ട് തൈകള്‍ ഇറക്കുമതി ചെയ്ത ശേഷം, ആദ്യ സീസണില്‍ തന്നെ 21 മാമ്പഴങ്ങള്‍ വിളവെടുക്കാന്‍ സിംഗിന് കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW