-->
ലാഹോർ: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗ് പോരാട്ടം നിർത്തി വച്ചിരുന്നു. പിഎസ്എല്ലിനായി പാകിസ്ഥാനിലെത്തിയ വിദേശ താരങ്ങളെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ സ്വദേശത്തേക്ക് മടക്കി അയച്ചു. വിദേശ താരങ്ങളെ ദുബായിൽ എത്തിച്ചാണ് അതതു രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത്.
പിഎസ്എൽ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി ടൂർണമെന്റ് തുടരാൻ പാക് ക്രിക്കറ്റ് ബോർഡ് ശ്രമിച്ചെങ്കിലും എമിറെറ്റ്സ് ക്രിക്കറ്റ് ബോർഡ് ആവശ്യം നിരസിച്ചത് തിരിച്ചടിയായി. കഴിഞ്ഞ ദിവസം റാവൽപിണ്ടി സ്റ്റേഡിയത്തിനു നേരെ ഇന്ത്യയുടെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തിനു കേടുപാടും സംഭവിച്ചു. പിന്നാലെയാണ് പിഎസ്എൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിയത്. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴായിരുന്നു സ്റ്റേഡിയത്തിൽ ഡ്രോൺ പതിച്ചത്.
പിഎസ്എൽ മത്സരങ്ങൾക്കായി സീൺ ആബോട്ട്, ബെൻ ഡ്വാർഷ്യുസ്, ആഷ്ടൻ ടേണർ, മിച്ചൽ ഓവൻ എന്നിവരാണ് പാകിസ്ഥാനിലെത്തിയ ഓസീസ് താരങ്ങൾ. ഇവർ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടതെന്നു ചില ഓസ്ട്രേലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.