Thursday, March 12, 2026 Last Updated 48 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 03.18 PM

‘ദൈവമേ, ഇവർ എങ്ങനെ സമ്മതിച്ചു; എല്ലാ സിനിമയ്ക്കും വിളിച്ച്‌ നോക്കുന്നതാണ്, വരൂല്ല’ എന്നായിരുന്നു ലാലേട്ടന്റെ ആദ്യ പ്രതികരണം...’’രജപുത്ര രഞ്ജിത്ത്

തുടരും സിനിമയില്‍ പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിച്ച ഒന്നായിരുന്നു 16 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനിലെത്തിയ മോഹന്‍ലാല്‍- ശോഭന കോമ്പോ. ഇപ്പോഴിതാ സിനിമയില്‍ ശോഭന കമ്മിറ്റ് ചെയ്തുവെന്നറിഞ്ഞപ്പോഴുള്ള മോഹന്‍ലാലിന്റെ പ്രതികരണം പങ്കിടുകയാണ് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്.
Thudarum movie, Mohanlal- shobhana combo, rajaputhra ranjith
Rajaputhra Ranjith on casting shobhana on thudarum movie (Image Source: Youtube)

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുകയാണ് തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പിറന്ന മോഹന്‍ലാല്‍ ചിത്രം ‘തുടരും’. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളും, നായകനൊത്ത വില്ലനും, മികച്ച കഥയും, സംഭാഷണങ്ങളുമൊക്കെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്നേഹിക്കുന്നതിന്റെ കാരണങ്ങളാകുന്നത്.
എന്നാല്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുത്തുന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന മോഹന്‍ലാല്‍- ശോഭന കോമ്പോയാണ്. ഒരു കാലത്ത് ​ഹിറ്റ് ജോഡികളായി ആരാധകര്‍ ഏറ്റെടുത്തിരുന്ന ശോഭനയെയും മോഹന്‍ലാലിനെയും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചു കണ്ടതിന്റെ സന്തോഷം പല പ്രേക്ഷകരും പങ്കുവയ്ക്കുന്നുണ്ട്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴുള്ള വന്‍ ഹൈപ്പിന് ഒരു കാരണം ഈ ​കോമ്പോ ത​ന്നെയായിരുന്നു.
ഇപ്പോഴിതാ ശോഭനയുടെ കാസ്റ്റിംഗില്‍ ആദ്യം ഞെട്ടിയത് മോഹൻലാല്‍ ആണെന്ന് പറയുകയാണ് സിനിമയുടെ നിർമാതാവായ രജപുത്ര രഞ്ജിത്. ഒരു സിനിമയ്ക്ക് വിളിച്ചാലും വരില്ലെന്നും അവർ എങ്ങനെ സമ്മതിച്ചു എന്നുമാണ് മോഹൻലാല്‍ ചോദിച്ചതെന്ന് രഞ്ജിത് പറഞ്ഞു.
‘‘ഓരോ ദിവസവും നായിക ആരാണ് റെഡി ആയോ എന്ന ചോദിച്ച്‌ ചേട്ടൻ വിളിക്കാറുണ്ട്. ഓരോ പേര് പറയുമ്പോഴും അവരെ നോക്ക് എന്നു പറയും. ഒരിക്കലും ശോഭനയെ അഭിനയിക്കാൻ കിട്ടുമെന്ന് ചേട്ടൻ അറിയുന്നില്ല. ഞാൻ ശോഭന കമ്മിറ്റ് ചെയ്തത്തിന് ശേഷം മാത്രമേ പറഞ്ഞിട്ടുള്ളൂ. ശോഭന ഓക്കേ ആയിട്ടുണ്ട് എന്ന്. ‘ദൈവമേ ഇവർ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമയ്ക്കും വിളിച്ച്‌ നോക്കുന്നതാണ് വരൂല്ല’ എന്ന് പറഞ്ഞു. അപ്പോഴാണ് ശോഭനയുടെ ഡാൻസ് ക്ലാസ്സിന്റെ കാര്യം ചേട്ടൻ പറയുന്നത്.
ഞാൻ അതെല്ലാം ഓക്കെ ആക്കി മാനേജ് ചെയ്ത് നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. നല്ല കാസ്റ്റിംഗ് ആണ് ഇനി ഒന്നും ആലോചിക്കേണ്ട എന്ന് പറഞ്ഞ ഒരാളാണ് ലാലേട്ടൻ. ശോഭനയെ കാസറ്റ് ചെയ്ത വാർത്ത വരുമ്പോള്‍ തന്നെ കേരളം ആഘോഷിച്ചു. ഇതൊരു വലിയ കോമ്പിനേഷൻ ആണ്. നമ്മള്‍ വർഷങ്ങളായി കണ്ട ജോഡികള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ വാർത്തയും ഭാഗ്യവും അതായിരുന്നു...’’ രഞ്ജിത് പറയുന്നു.

സിനിമയില്‍ ടാക്സി ഡ്രൈവറായ ഷണ്‍മുഖത്തിന്റെ ഭാര്യ ലളിതയെന്ന കഥാപാത്രമായിട്ടാണ് ശോഭന എത്തിയിരുന്നത്. നിറഞ്ഞ കൈയടിയോ​ടെയാണ് ഷണ്മുഖന്റെയും ലളിതയുടെയും സീനുകള്‍ ആരാധകർ ഏറ്റെടുത്തത്. ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രകാശ് വര്‍മ്മ എന്ന പുതുമുഖമാണ് സിനിമയിലെ കരുത്തുറ്റ വില്ലന്‍. ഏറ്റവുമധികം കൈയടി നേടുന്നതും ഈ വില്ലന്‍ തന്നെയാണ്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

Ads by Google
Friday 09 May 2025 03.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW