-->
ചണ്ഡിഗഡ് ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ അതീവജാഗ്രതയില്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍. ജമ്മു കശ്മീരിനു പുറമെ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡിഗഡില്‍ ഇന്നു രാവിലെ അപായ സൈറണ്‍ മുഴങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആക്രമണത്തിനു സാധ്യതയുണ്ടെന്ന് വ്യോമസേനാ സ്റ്റേഷനില്‍നിന്നു മുന്നറിയിപ്പ് ലഭിച്ചെന്നും എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നും ബാല്‍ക്കണികളില്‍നിന്ന് അകന്നു നില്‍ക്കണമെന്നും ചണ്ഡിഗഡ് ഭരണകൂടം അറിയിച്ചു. എന്നാല്‍ ഒരു മണിക്കൂറിനു ശേഷം അലര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, ചണ്ഡിഗഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ പഞ്ചാബിലെ മൊഹാലി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ''ചണ്ഡിഗഡിലെ ചില പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. അതിര്‍ത്തി മേഖലകളിലെ മൊഹാലി നിവാസികള്‍ വീടിനുള്ളില്‍ തന്നെ തുടരാനും ജനാലകളില്‍നിന്നും ഗ്ലാസ് പാളികളില്‍ നിന്നും അകന്നു നില്‍ക്കാനും നിര്‍ദേശിക്കുന്നു.''-മൊഹാലി ഭരണകൂടം അറിയിച്ചു. പട്യാലയിലെ ജില്ലാ ഭരണകൂടവും ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടിയന്തരസാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
സര്‍ക്കാര്‍ കെട്ടിടങ്ങളും തിരക്കേറിയ പ്രദേശങ്ങളും ഉള്‍പ്പെടെ ഡല്‍ഹിയിലെ സുപ്രധാന സ്ഥാപനങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, ജല ശുദ്ധീകരണ പ്ലാന്റുകള്‍, കോടതികള്‍, വിദേശ എംബസികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സുപ്രധാന സ്ഥാപനങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാളുകള്‍, പാര്‍ക്കുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ പ്രദേശങ്ങളില്‍ ഡല്‍ഹി പോലീസ് ജാഗ്രത ശക്തമാക്കി. ബോംബ് സ്‌ക്വാഡിന്റെ ഉള്‍പ്പെടെ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് വാഹനങ്ങള്‍ തലസ്ഥാന നഗരിയിലേക്കു കടത്തിവിടുന്നത്. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി.