-->
സാംസങ് ഗാലക്‌സി എസ്25 എഡ്ജ് (Samsung Galaxy S25 Edge) മേയ് 13ന് ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാംസങ് വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം മേയ് 13ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആണ് ഗാലക്‌സി എസ്25 എഡ്ജ് ലോഞ്ച് ഇവന്റ് ആരംഭിക്കുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും 'ബിയോണ്ട് സ്ലിം' എന്ന് പേരിട്ടിരിക്കുന്ന ലോഞ്ച് തത്സമയം കാണാനാകും.
സാംസങ് ഗാലക്‌സി എസ്25 എഡ്ജില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ - 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്സല്‍) FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ഇതില്‍ ഉണ്ടാകുമെന്നും അതിന് 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗാലക്‌സി എസ്25 എഡ്ജില്‍ ലംബമായ ഒരു ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളില്‍ രണ്ട് റിയര്‍ ക്യാമറകള്‍ ഉള്ളതായി ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇതിലെ പ്രൈമറി ക്യാമറ 200MP ലെന്‍സാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് 12MP അള്‍ട്രാ വൈഡ് ക്യാമറ ആണെന്നാണ് സൂചന. ഫ്രണ്ടില്‍ 12MP ക്യാമറയാകും ഉണ്ടാകുക എന്ന് 91മൊബൈല്‍സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഗാലക്‌സി എസ് സീരീസിലെ മറ്റ് മോഡലുകളിലേത് പോലെ തന്നെ കരുത്തന്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്താക്കിയാണ് ഗാലക്‌സി എസ്25 എഡ്ജും എത്തുക. 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും 12GB റാമും ഇതോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വെറും 5.83mm മാത്രമാണ് ഈ? ഫോണിന്റെ കട്ടി എന്നാണ് സൂചന. സാംസങ്ങിന് ടൈറ്റാനിയം അലോയ് ഫ്രെയിം, മുന്‍വശത്ത് ഗൊറില്ല ഗ്ലാസ് സെറാമിക് 2, പിന്നില്‍ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 എന്നിവയാല്‍ കവചിതമായാണ് ഗാലക്‌സി എസ്25 എഡ്ജ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.