-->
ഐക്യൂ തങ്ങളുടെ ഏറെ പ്രശസ്തമായ നിയോ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുന്നു. ഐക്യൂ നിയോ 10 (iQOO Neo 10) എന്നാണ് വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പേര്. ഈ ഫോണിന്റെ ഇന്ത്യന്‍ ലോഞ്ച് മേയ് 26ന് നടക്കും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 ചിപ്പും ക്യു 1 സൂപ്പര്‍ കമ്പ്യൂട്ടിംഗ് ചിപ്പും ഈ നിയോ മോഡലില്‍ ഉണ്ടാകുമെന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്. ടൈറ്റാനിയം ക്രോം, ഇന്‍ഫെര്‍ണോ റെഡ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.
ലോഞ്ചിന് ശേഷം ഐക്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ആമസോണിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ലഭ്യമാകും. ഫ്രണ്ട് ക്യാമറയുടെ കാര്യം ഒഴിച്ച് നിര്‍ത്തിയാല്‍, ഐക്യൂ Z10 ടര്‍ബോ പ്രോയുടെ ഏതാണ്ട് അതേ ഫീച്ചറുകള്‍ തന്നെ നിയോ 10 ല്‍ അവതരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് പ്രകാരം, 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്‌സലുകള്‍) 1.5K AMOLED ഡിസ്‌പ്ലേയാണ് ഇതില്‍ ഉണ്ടാകുക. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ചിപ്‌സെറ്റ് ആയിരിക്കും ഈ നിയോ 10ന്റെ കരുത്ത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിള്‍ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+ പിന്തുണ, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ സഹിതമാകും ഇതിലെ ഡിസ്‌പ്ലേ എത്തുക.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് 15 ല്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പതിവ് പോലെ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുണ്ടാകുക. 1/ 1.95' സോണി LYT-600 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറയ്ക്ക് ഒപ്പം f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ- വൈഡ് ആംഗിള്‍ ലെന്‍സും ഇതില്‍ ഇടം പിടിക്കും. 4K വീഡിയോ റെക്കോര്‍ഡിങ്ങും ഉണ്ടാകും.