-->
ദില്ലി : ഇന്ത്യാ-പാക് സംഘര്‍ഷം ശക്തമായതോടെ ഉത്തരാഖണ്ഡിലും ജാഗ്രത നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍, നേപ്പാള്‍, ചൈന അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡും ജാഗ്രതയിലാണ്.
ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷവും ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ അതിര്‍ത്തിയില്‍ ആകാശത്തിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തി. പുലര്‍ച്ചെ 1 മുതല്‍ 3 വരെ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഡൂണിന്റെ ആകാശത്തിന് മുകളിലൂടെ പറന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടന്ന അതേ സമയം തന്നെ ചൈനീസ് അതിര്‍ത്തി വഴി ഏതെങ്കിലും അക്രമണങ്ങളുണ്ടാകുകയാണെങ്കില്‍ പ്രതിരോധിക്കാനാണ് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ സജ്ജമായിരുന്നത്.
പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍, നിലവിലെ സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി ജില്ലകളിലെ അടിയന്തര സേവനങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്യും. ആശുപത്രികള്‍ അഗ്‌നി രക്ഷാസ്റ്റേഷനുകള്‍ എന്നിവയില്‍ തയ്യാറെടുപ്പുകള്‍ പരിശോധിക്കും. 10 ക്യാബിനറ്റ് മന്ത്രിമാര്‍ അതിര്‍ത്തി ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ചണ്ഡിഗഢില്‍ നേരത്തെ നല്‍കിയിരുന്ന അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ അടിയന്തര സാഹചര്യമില്ലെന്ന് വ്യോമസേന ജില്ലാ കളക്ടറെ അറിയിച്ചു. പഞ്ച്കുലയിലെ മുന്നറിയിപ്പും പിന്‍വലിച്ചു.